Friday, June 26, 2026
Home » ശൂന്യത
കവിത - ശൂന്യത

ശൂന്യത

കവിത

by Editor

ഒന്നുമില്ലായ്മയ്ക്കും ഒരു നിറമുണ്ടെന്ന് അറിയുന്നത്..
എല്ലാ നിറങ്ങളും ഉള്ളിൽ നിന്ന് കൊഴിഞ്ഞു തീരുമ്പോഴാണ്.
നിശ്ശബ്ദതയ്ക്ക് ശബ്ദമില്ലെന്ന് പറയുന്നവർ
ഒരിക്കലും ഉള്ളിലേയ്ക്ക് കാതോർത്തിട്ടില്ല…

അവിടെ, പറയാതെ പോയ വാക്കുകൾ കല്ലായി കിടക്കുന്നു.
സമയമെന്ന നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു…
എന്നാൽ, ചില നിമിഷങ്ങൾ മണ്ണിലേയ്ക്ക് ആഴ്ന്നിറങ്ങിയ
വേരുകൾ പോലെ ചലിയ്ക്കാതെ നിൽക്കും…
അതാണ് ശൂന്യത.

വെളിച്ചം ഇരുട്ടിന്റെ അഭാവമല്ല;
ഇരുട്ട് വെളിച്ചത്തിന്റെ അഭാവവുമല്ല.
രണ്ടും ഒന്നിനെ മറ്റൊന്ന് നിർവചിച്ചുകൊണ്ടിരിക്കുന്ന
രണ്ട് നിശ്ശബ്ദതകൾ മാത്രം.

ഒഴിഞ്ഞ പാത്രങ്ങൾക്കാണ് പ്രതിധ്വനിയുള്ളത്.
നിറഞ്ഞവ മൗനത്തെ മാത്രം ഉൾക്കൊള്ളുന്നു…

അതുകൊണ്ടാവാം—
എത്ര നിറച്ചിട്ടും നിറയാതെ പോകുന്ന ഒരു ഇടമുണ്ട് മനുഷ്യനിൽ……
അതിനാണ് നാം ശൂന്യത എന്ന് പേരിട്ടത്…

ലിസി രഞ്ജിത്

Send your news and Advertisements

You may also like

error: Content is protected !!