Friday, September 25, 2026
Home » ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ചിലിയിലെ അറ്റകാമ മരുഭൂമിയിൽ അപൂർവമായ പൂക്കാലം.
ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ചിലിയിലെ അറ്റകാമ മരുഭൂമിയിൽ അപൂർവമായ പൂക്കാലം.

ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ചിലിയിലെ അറ്റകാമ മരുഭൂമിയിൽ അപൂർവമായ പൂക്കാലം.

by Editor

സാന്റിയാഗോ: ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ചിലിയിലെ അറ്റകാമ മരുഭൂമിയിൽ അപൂർവമായ പൂക്കാലം. എൽ നിനോയുമായി ബന്ധപ്പെട്ട് വടക്കൻ ചിലിയിൽ ലഭിച്ച അസാധാരണ മഴയ്‌ക്ക് പിന്നാലെയാണ് ‘ഡെസിയർട്ടോ ഫ്ലോറിഡോ’ (Desierto Florido) അഥവാ ‘പൂക്കുന്ന മരുഭൂമി’ എന്ന് വിളിക്കപ്പെടുന്ന ഈ അത്ഭുത പ്രതിഭാസത്തിലൂടെ സാധാരണയായി വരണ്ടുണങ്ങി കിടക്കുന്ന മരുഭൂമി പ്രദേശം ഇപ്പോൾ വയലറ്റ്, വെള്ള നിറങ്ങളിലുള്ള പൂക്കളുടെ പരവതാനിയായി മാറിയിരിക്കുന്നു.

പസഫിക് സമുദ്രത്തിലെ താപനില വ്യതിയാനവുമായി ബന്ധപ്പെട്ട എൽ നിനോ (El Niño) പ്രതിഭാസം കാരണം ഇത്തവണ വടക്കൻ ചിലിയിൽ ശക്തമായ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ ചരിത്രത്തിലാദ്യമായി 180 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. പതിറ്റാണ്ടുകളായി മരുഭൂമിയിലെ മണലിനടിയിൽ സുഷുപ്താവസ്ഥയിൽ (ഉറങ്ങിക്കിടന്ന) കഴിഞ്ഞിരുന്ന ഇരുനൂറോളം സസ്യവർഗങ്ങളുടെ വിത്തുകളും നാമ്പുകളുമാണ് ഈ കനത്ത മഴവെള്ളം ആഴ്ന്നിറങ്ങിയതോടെ മുളച്ചുപൊന്തിയത്.

ചിലിയുടെ ദേശീയ വനവകുപ്പായ കോനാഫിന്റെ (Conaf) കണക്കുകൂട്ടൽ അനുസരിച്ച് ഈ പൂക്കാലം ഒക്ടോബർ മാസത്തോടെ അതിന്റെ പൂർണ്ണ ഭംഗിയിൽ എത്തും. ഏകദേശം 15,000 ഹെക്ടറിലധികം പ്രദേശം പൂക്കളാൽ മൂടപ്പെടുമെന്നാണ് പ്രവചനം. അറ്റകാമയുടെ മണ്ണിനടിയിൽ ദീർഘകാലം സുഷുപ്‌താവസ്ഥയിൽ കഴിയുന്ന വിത്തുകളും നാമ്പുകളും മഴ ലഭിക്കുന്നതോടെ മുളയ്ക്കുകയാണ് ചെയ്യുന്നത്. ഏകദേശം 200ഓളം സസ്യവർഗങ്ങളുടെ വിത്തുകളും നാമ്പുകളും അനുയോജ്യമായ കാലാവസ്ഥയ്ക്കായി മണ്ണിനടിയിൽ കാത്തുകിടക്കുന്നുണ്ടെന്നാണ് ചിലിയുടെ നാഷണൽ ഫോറസ്റ്റ് കോർപ്പറേഷനായ കോനാഫ് വ്യക്തമാക്കുന്നത്. ഇത്തവണ ലഭിച്ച അസാധാരണ മഴയാണ് ഇവയിൽ പലതിനും ഒരേസമയം മുളയ്ക്കാനും പൂക്കാനും സാഹചര്യമൊരുക്കിയത്.

വയലറ്റ്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പൂക്കൾ മരുഭൂമിയുടെ വലിയ ഭാഗങ്ങളെ മൂടിയതോടെ പ്രദേശം സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ശ്രദ്ധാകേന്ദ്രമായി. പൂക്കളുടെ അപൂർവ കാഴ്ച പകർത്താൻ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.

എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം ഭൂമധ്യരേഖയ്‌ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില ഉയരുന്നതുമായി ബന്ധപ്പെട്ടതാണ്. ഇത് വിവിധ പ്രദേശങ്ങളിലെ കാറ്റിന്റെയും മഴയുടെയും രീതികളിൽ മാറ്റം വരുത്തുകയും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കും മറ്റു പ്രദേശങ്ങളിൽ വരൾച്ചയ്‌ക്കും കാരണമാകുകയും ചെയ്യുന്നു. അറ്റകാമയിലെ പൂക്കാലം മനോഹരമായ പ്രകൃതിദൃശ്യമാണ് നൽകുന്നതെങ്കിലും, ഇത്തവണത്തെ കനത്ത മഴ ചിലിയിൽ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ജൂലൈയിലെ മഴയിൽ 13 പേർ മരിക്കുകയും ഏകദേശം 4,000 വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

Send your news and Advertisements

You may also like

error: Content is protected !!