Friday, June 26, 2026
Home » ‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ചത് ആറ് ഇന്ത്യൻ സൈനികർ; ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂർ

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ചത് ആറ് ഇന്ത്യൻ സൈനികർ; ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തി.

by Editor

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ‘ (Operation Sindoor) സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ പേരുവിവരങ്ങൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഈ ദൗത്യത്തിലെ നാശനഷ്ടങ്ങൾ രാജ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

വീരമൃത്യു വരിച്ച അഞ്ച് കരസേനാംഗങ്ങളുടെയും ഒരു വ്യോമസേനാംഗത്തിന്റെയും പേരുകൾ ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന്റെ ‘റോൾ ഓഫ് ഓണർ’ (Roll of Honour) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാതൃ രാജ്യത്തിൻ്റെ കാവലാളുകളായി ജീവൻ നൽകിയ ഇവരുടെ പേരുകൾ യുദ്ധ സ്‌മാരകത്തിലെ ‘2025’ വിഭാഗത്തിനായി നീക്കിവെച്ച ‘വാൾ 3ഡി‘യിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ സ്‌മാരകത്തിലെ മതിലിൽ ഇവരുടെ പേരുകൾ സ്വർണ ലിപികളാൽ കൊത്തി വെക്കുകയും ചെയ്തിട്ടുണ്ട്.

വീരമൃത്യു വരിച്ച ധീരസൈനികർ:
1). സുബേദാർ മേജർ പവൻ കുമാർ – ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡ്.
2). റൈഫിൾമാൻ സുനിൽ കുമാർ – 4 ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി (വീരചക്ര ബഹുമതി ലഭിച്ച വ്യക്തി).
3). ലാൻസ് നായിക് ദിനേഷ് കുമാർ – 5 ഫീൽഡ് റെജിമെന്റ്.
4). അഗ്നിവീർ മൂഡ് മുരളി നായിക് – 851 ലൈറ്റ് റെജിമെന്റ് (ഏവിയേഷൻ ടെക്നീഷ്യൻ).
5). ഹവിൽദാർ സുനിൽ കുമാർ സിങ് – 237 ഫീൽഡ് വർക്ക്‌ഷോപ്പ് കമ്പനി.
6). സെർജന്റ് സുരേന്ദ്ര കുമാർ – ഇന്ത്യൻ വ്യോമസേന (39 വിങ് – വായുസേനാ മെഡൽ ജേതാവ്)

2025 മെയ് മാസത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നാല് ദിവസം നീണ്ടുനിന്ന സൈനിക സംഘർഷത്തിൽ ഇന്ത്യൻ ഭാഗത്ത് ആളപായമുണ്ടായതായി നിരവധി റിപ്പോർട്ടുകൾ മുൻപ് പുറത്തു വന്നിരുന്നുവെങ്കിലും സർക്കാർ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിരുന്നില്ല.

2025 ഏപ്രിൽ 22 -ന് കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 26 സാധാരണക്കാരുടെ ജീവനെടുത്ത ക്രൂരമായ ഭീകരാക്രമണം നടന്നിരുന്നു. ഇതിന് മറുപടി നൽകാനായി മെയ് ഏഴിന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും ജെയ്ഷെ മുഹമ്മദ്, ലഷ്ക്കറെ തൊയ്ബ എന്നീ ഭീകര സംഘടനകളുടെ ഒൻപതോളം താവളങ്ങൾക്ക് നേരെ ഇന്ത്യൻ സേന കൃത്യതയാർന്ന വ്യോമ-കരയാക്രമണങ്ങൾ നടത്തി അവ തകർത്തു.

ഇന്ത്യയുടെ തിരിച്ചടിയെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നാല് ദിവസത്തോളം അതിർത്തിയിൽ ശക്തമായ സംഘർഷം നിലനിന്നു. പിന്നീട് ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (DGMO) നടത്തിയ ചർച്ചയെത്തുടർന്ന് 2025 മേയ് 10- നാണ് സൈനിക നടപടികൾ അവസാനിപ്പിച്ചത്.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിൻ്റെ പരമാധികാരം കാക്കാൻ പോരാടി വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി 2019- ൽ ഇന്ത്യ ഗേറ്റിന് സമീപം സ്ഥാപിച്ചതാണ് നാഷണൽ വാർ മെമ്മോറിയൽ. ഈ ധീര യോദ്ധാക്കളുടെ പേരുകൾ കൂടി അവിടെ ചേർത്തതോടെ, ചരിത്ര പുസ്‌തകങ്ങളിൽ രാജ്യം എന്നും ഓർക്കുന്ന വലിയൊരു സൈനിക ദൗത്യമായി ‘ഓപ്പറേഷൻ സിന്ദൂർ’ മാറി കഴിഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!