വാഷിങ്ടൺ: യുക്രൈൻ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ട്, റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബിൽ യു.എസ് സെനറ്റ് പാസാക്കി. ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷണിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026′ എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ പതിനൊന്നിനെതിരെ 86 വോട്ടുകൾക്കാണ് സെനറ്റിൽ പാസായത്. റഷ്യക്ക് പുറമെ ഇറാന്റെ ഊർജ്ജ മേഖലയിലെ നിക്ഷേപങ്ങളെ വിലക്കുന്നതിനായി 1996-ലെ ഇറാൻ ഉപരോധ നിയമം 2031 വരെ നീട്ടാനും ഈ ബില്ലിൽ വ്യവസ്ഥയുണ്ട്.
റഷ്യയിൽ നിന്ന് വൻതോതിൽ ഊർജ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് എത്തുന്ന ഉൽപന്നങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ ഈ നിയമം യു.എസ് പ്രസിഡൻ്റിന് അധികാരം നൽകുന്നു. റഷ്യൻ എണ്ണയും വാതകവും ഏറ്റവും കൂടുതൽ വാങ്ങുന്ന അഞ്ച് രാജ്യങ്ങളായ ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് പുതിയ നിർദേശ പ്രകാരം കനത്ത വിപണി ഭീഷണി നേരിടുന്നത്.
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ, മുതിർന്ന സൈനിക-രാഷ്ട്രീയ നേതാക്കൾ, റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾ, ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന ഷാഡോ ഷിപ്പുകൾ എന്നിവയ്ക്കെതിരെയും ബില്ലിൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ആകെ പ്രകൃതിവാതക ഇറക്കുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം റഷ്യയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇളവുകൾക്ക് വ്യവസ്ഥയുണ്ട്. ദേശീയ താല്പര്യം മുൻനിർത്തി ഈ പിഴ ചുമത്തൽ താൽക്കാലികമായി ഒഴിവാക്കാനോ നീട്ടിവെക്കാനോ ഉള്ള പ്രത്യേക വിവേചനാധികാരവും പ്രസിഡന്റിന് ഉണ്ടായിരിക്കും.
അന്തരിച്ച പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാം മുൻകൈയെടുത്തു തയ്യാറാക്കിയ ബില്ലിന് ഇരുപാർട്ടികളുടെയും പിന്തുണ ലഭിച്ചു. എന്നാൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇത്തരത്തിൽ വിപുലമായ താരിഫ് അധികാരങ്ങൾ നൽകുന്നത് അമേരിക്കയിൽ ഉൽപ്പന്നങ്ങളുടെ വില വർധനവിന് ഇടയാക്കുമെന്ന് ചില ഡെമോക്രാറ്റിക് ജനപ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചു. സെനറ്റ് അംഗീകരിച്ച ഈ ബിൽ ഇനി യു.എസ് ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് അയക്കും. അവിടെക്കൂടി ഭൂരിപക്ഷം നേടി അംഗീകരിക്കപ്പെടുകയും പ്രസിഡന്റ് ഒപ്പുവെക്കുകയും ചെയ്‌താൽ മാത്രമേ ഇത് പൂർണ നിയമമായി പ്രാബല്യത്തിൽ വരികയുള്ളൂ.

