അരുണാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങൾക്ക് ചൈന തുടർച്ചയായി ചൈനീസ് പേരുകൾ നൽകുന്നതിനെതിരെ മറുപടിയുമായി ഇന്ത്യ. കേന്ദ്ര സർക്കാർ അരുണാചൽ പ്രദേശിലെ 27 തന്ത്രപ്രധാന സ്ഥലങ്ങൾക്ക് ഔദ്യോഗിക പേരുകൾ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അരുണാചൽ പ്രദേശ് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ് ഈ നടപടി സ്വീകരിച്ചത്. ഈ സ്ഥലങ്ങളെല്ലാം തന്നെ ‘സർവേ ഓഫ് ഇന്ത്യ’യുടെ ഔദ്യോഗിക ഭൂപടത്തിൽ അവയുടെ യഥാർത്ഥ ഇന്ത്യൻ പേരുകളോടെ അടയാളപ്പെടുത്തിയിട്ടുണ്ട്.
യഥാർത്ഥ നിയന്ത്രണ രേഖക്ക് അടുത്തുള്ള സ്ഥലങ്ങളാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയതിൽ ഏറെയും. നിലവിൽ ചൈനീസ് ഭാഗത്തുള്ള സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ ഇന്നലെ നടന്നതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഈ പ്രദേശങ്ങളിൽ ഇന്ത്യക്കള്ള പൂർണമായ പരമാധികാരവും നിയമപരമായ അധികാരവും ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അരുണാചൽ പ്രദേശിനെ ‘സാങ്‌നാൻ’ (തെക്കൻ തിബറ്റ്) എന്ന് വിശേഷിപ്പിക്കുന്ന ചൈന, 2017 മുതൽ പലതവണയായി ഇന്ത്യൻ പ്രദേശങ്ങളിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി കള്ളക്കഥകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ ലോങ്‌ജു എന്ന അതിർത്തി ഗ്രാമവും ഉൾപ്പെടുന്നുണ്ട്. 1959 മുതൽ ചൈനയുടെ നിയന്ത്രണത്തിലാണെങ്കിലും, ഇത് ഇന്ത്യയുടെ അവകാശവാദ പരിധിയിൽ വരുന്ന പ്രദേശമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. 1962-ലെ യുദ്ധത്തിലെ ആദ്യ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഥാഗ് ലാ, ദോ ലാ, റിസ ലാ, പുകുർ ലാ തുടങ്ങിയ അതിപ്രധാന ചുരങ്ങൾ. സൈനിക നീക്കങ്ങൾക്ക് സുപ്രധാന പങ്കുവഹിക്കുന്ന ചാങ്‌ലാങ് ജില്ലയിലെ ജയ്‌റാംപുർ. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (LAC) സമീപമുള്ള ലോങ്ജു, ഉപ്പർ സുബൻസിരി ജില്ലയിലെ മജ ഗ്രാമം. ഉയർന്ന പ്രദേശത്തുള്ള തടാകമായ സാംഭോ സരോവർ, ബാര കുന്ദുൻ, ഛോട്ടാ കുന്ദുൻ. സാഗർ, പത്മ, ജ്യോതിനഗർ, വൈശാഖി തുടങ്ങിയ അതിർത്തി ഗ്രാമങ്ങൾ തുടങ്ങിയവയാണ് ഉൾപ്പെട്ടിരിക്കുന്ന പ്രധാന സ്ഥലങ്ങൾ.
അരുണാചൽ പ്രദേശ് സർക്കാരുമായി ആലോചിച്ച് സർവേ ഓഫ് ഇന്ത്യയുടെ (Sol) ഔദ്യോഗിക മാപ്പുകളിൽ ഈ 27 സ്ഥലങ്ങളുടെയും ഭൂപ്രകൃതികളുടെയും പേരുകൾ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു. ഈ പ്രദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട അവബോധം വളർത്താനും അവ കൃത്യമായി തിരിച്ചറിയാനും ഈ ഔദ്യോഗിക നാമകരണം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാൻ 250 ചൈനീസ് പീരങ്കികൾ വിന്യസിച്ചു.

