കാബുൾ: വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രവിശ്യയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ അതിർത്തി പ്രവിശ്യകളായ കുനാർ (Kunar), പക്തിക (Paktika) എന്നിവടങ്ങളിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് പാക്ക് വ്യോമസേന ഇന്ന് പുലർച്ചെ ആക്രമണം നടത്തിയത്.
ഈ ആക്രമണത്തിൽ കുനാർ പ്രവിശ്യയിൽ ഒരു വീട് തകരുകയും ഒരേ കുടുംബത്തിലെ മൂന്ന് സിവിലിയന്മാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി താലിബാൻ വക്താക്കൾ അറിയിച്ചു. എന്നാൽ, ഭീകരരുടെ താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണത്തിൽ 28 ഭീകരരെ വധിച്ചതായാണ് പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ കോഹട്ടിലുള്ള (Kohat) ഒരു പൊലീസ് സ്റ്റേഷനും മസ്ജിദിനും നേരെ ഭീകരർ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ 16 പോലീസുകാരും ഉൾപ്പെടുന്നു. ഇതിന് പുറമെ ഞായറാഴ്ച അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് പാക്ക് സൈനികരും കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.
പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (TTP) പോലുള്ള ഭീകരസംഘടനകൾക്ക് അഫ്ഗാൻ മണ്ണിൽ താലിബാൻ ഭരണകൂടം ഒളിവത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ഒരുക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ അഫ്ഗാൻ താലിബാൻ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്യുന്നത്.
പാക്കിസ്ഥാൻ തങ്ങളുടെ പരമാധികാരത്തിന്മേൽ കടന്നുകയറിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം കൂടുതൽ രൂക്ഷമായിട്ടുണ്ട്.
പാക്കിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിൽ സ്ഫോടനം; 27 പേർ കൊല്ലപ്പെട്ടു

