ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും ആശങ്കയും ഉയർത്തി ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സൈന്യത്തോട് ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കാൻ നൽകുന്ന ഏറ്റവും ഉയർന്നതും ഗൗരവമേറിയതുമായ മുന്നറിയിപ്പാണിത്. എന്നാൽ, ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളോ സർക്കാർ ഏജൻസികളോ ഈ കോഡ് പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ ഔദ്യോഗിക സൈന്യം, ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (IRGC), മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവയോട് അടിയന്തരമായി യുദ്ധസജ്ജരാകാൻ നിർദേശിക്കുന്ന അലേർട്ടാണ് ‘കോഡ് 100’. ഭൂഗർഭ നിലവറകളിൽ നിന്ന് മിസൈലുകൾ പുറത്തെടുക്കാനും, ഏതു നിമിഷവും ഉണ്ടാകാനിടയുള്ള ശത്രു ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് ഈ നടപടി.
ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതും ഇതിനെതിരെ യുഎസ് തിരിച്ചടിച്ചേക്കുമെന്ന സൂചനകളുമാണ് ഇറാന്റെ പുതിയ നീക്കത്തിന് കാരണം. മേഖലയിൽ പെട്ടെന്ന് സംഘർഷം രൂക്ഷമാകാനും വ്യോമപാതകൾ അടയ്ക്കാനും സാധ്യതയുള്ളതിനാൽ പശ്ചിമേഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചിട്ടുണ്ട്.
ഈ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്യാംപ് ഡേവിഡിലെ താമസം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതെന്നും, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്റെ യുഎസ് സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയയതെന്നും റിപ്പോർട്ടുകളുണ്ട്.
ഇറാനിയൻ എയർലൈനുകളെ ആഗോളതലത്തിൽ നാളെ (ബുധനാഴ്ച) മുതൽ പൂർണ്ണമായി തടയുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഇറാൻ വിമാനങ്ങൾക്ക് സർവീസ് നൽകുന്ന വിദേശ കമ്പനികൾക്കും കടുത്ത ഉപരോധം നേരിടേണ്ടി വരും. അതിനിടെ ഹോർമൂസ് കടലിടുക്കിൽ ഒരു കപ്പലിന് നേരെക്കൂടി അജ്ഞാത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ഇന്ന് സ്ഥിരീകരിച്ചു. യുദ്ധം കൂടുതൽ ശക്തമായാൽ പുതിയ ആയുധങ്ങളും തന്ത്രങ്ങളും ഉപയോഗിക്കുമെന്നും പുതിയ ലക്ഷ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

