Monday, September 21, 2026
Home » യു എസ് പുതിയ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ഇറാൻ വിദേശകാര്യ മന്ത്രി അമേരിക്കയിലേക്ക് എത്തുന്നു.
ഇറാൻ യുഎസ്

യു എസ് പുതിയ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ഇറാൻ വിദേശകാര്യ മന്ത്രി അമേരിക്കയിലേക്ക് എത്തുന്നു.

ബ്രിട്ടനിലെ യു.എസ് വ്യോമ താവളത്തിൽ നിന്ന് പറന്നുയർന്ന് ബോംബർ വിമാനം

by Editor

ന്യൂയോർക്ക്: അമേരിക്കൻ ആക്രമണ മുന്നറിയിപ്പുകൾക്കിടയിലും, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ (UNGA) പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് തിരിച്ചു. ഇറാനും അമേരിക്കയും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലാണ് ഈ നിർണായക സന്ദർശനം. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇറാന്റെ പ്രധാന പ്രതിനിധി സംഘം എത്തുന്നത്.

ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത യുദ്ധത്തിലും ഭിന്നതയിലുമാണെങ്കിലും യു.എന്നിൽ പങ്കെടുക്കാൻ ഇറാൻ പ്രതിനിധികൾക്ക് അമേരിക്ക വിസ അനുവദിക്കുകയായിരുന്നു. എന്നാൽ ഇവർക്ക് ന്യൂയോർക്കിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളും മറ്റ് വിലക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

മേഖലയിൽ അമേരിക്ക പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അതിശക്തമായി പ്രതികരിക്കുമെന്നും അമേരിക്കൻ സൈനിക താവളങ്ങൾ സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ഇറാന്റെ കാര്യത്തിൽ താൻ ഇപ്പോൾ ഒരു വലിയ തീരുമാനം എടുക്കുന്ന ഘട്ടത്തിലാണെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് മേൽ അതിശക്തമായ പുതിയ സൈനിക ആക്രമണം നടത്താൻ യു.എസ് സൈന്യം പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭരണകൂടത്തെ പൂർണ്ണമായി തകർക്കണോ വേണ്ടയോ എന്നത് ഒരു വലിയ തീരുമാനമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കടുത്ത ഭീഷണികൾക്കിടയിലും, യു.എൻ പൊതുസഭ സമ്മേളനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ താൻ ഇപ്പോഴും തയ്യാറാണെന്ന അനുകൂല സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. ഇറാനുമായി മികച്ചൊരു കരാറിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിലെ യു.എസ് വ്യോമ താവളത്തിൽ നിന്ന് പറന്നുയർന്ന് ബോംബർ വിമാനം

ബ്രിട്ടനിലെ ഗ്ലൗസ്റ്റർഷെയറിലുള്ള (Gloucestershire) യു.എസ്. വ്യോമസേനാ താവളമായ ആർ.എ.എഫ്. ഫെയർഫോർഡിൽ (RAF Fairford) നിന്ന് അമേരിക്കയുടെ ബി-1ബി ലാൻസർ (B-1B Lancer) ദീർഘദൂര ബോംബർ വിമാനങ്ങൾ പറന്നുയർന്നത് മിഡിൽ ഈസ്റ്റിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി യു.എൻ സമ്മേളനത്തിനായി ന്യൂയോർക്കിലേക്ക് പുറപ്പെടുകയും, ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിർണായക സൈനിക നീക്കം.

മാർച്ച് മുതൽ ഇറാൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആക്രമണങ്ങളുടെ പ്രധാന താവളമായി പ്രവർത്തിച്ചത് ബ്രിട്ടണിലെ ആർ.എ.എഫ് ഫെയർഫോർഡ് ആണ്. ആഫ്റ്റർ ബേണറുകൾ ഉപയോഗിച്ച് വിമാനം പറന്നുയരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വലിയ തോതിൽ ആയുധശേഖരം വഹിക്കുമ്പോഴോ അല്ലെങ്കിൽ പരിശീലന സമയത്തോ ആണ് സാധാരണയായി ഇത് ഉപയോഗിക്കാറുള്ളത്. പന്ത്രണ്ടോളം ബി-1ബി ബോംബർ വിമാനങ്ങൾ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ബോംബർ വിമാനത്തിൻ്റെ കൃത്യമായ ദൗത്യം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യോമതാവളത്തിൽ പതിവായി അമേരിക്കൻ ബോംബർ വിമാനങ്ങളുടെ പരിശീലന ദൗത്യങ്ങൾ നടക്കാറുള്ളതിനാൽ, വിമാനം പുറപ്പെട്ടതിന് പിന്നിൽ നിലവിലെ ഇറാൻ സംഘർഷവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് ഉറപ്പിച്ചു പറയാനാകില്ല.

അതിനിടെ മേരിലാൻഡിലെ പ്രസിഡന്റിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതും ചർച്ചയായി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മുൻപ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപാണ് ട്രംപിൻ്റെ മടക്കം. എന്നാൽ ക്യാമ്പ് ഡേവിഡിൽനിന്ന് നേരത്തെ ട്രംപ് മടങ്ങുന്നതിൻ്റെ കാരണം അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

ക്യാമ്പ് ഡേവിഡിലെ സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് നിശ്ചയിച്ചതിലും നേരത്തെ വൈറ്റ് ഹൗസിലേക്ക് മടങ്ങിയതും പുതിയ സംഭവ വികാസങ്ങളും ചേർത്ത് നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ തങ്ങളുടെ നിബന്ധനകൾ ഖത്തർ പ്രതിനിധികൾ വഴി യുഎസിന് കൈമാറിയിട്ടുണ്ടെന്നും ട്രംപിൻ്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഖത്തർ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കിയതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. നയതന്ത്ര ചർച്ചകൾക്കുള്ള വഴി തുറക്കുമ്പോഴും ഒരു യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും റെസായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ പശ്ചിമേഷ്യയിലെ ആറ് രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാർക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈനിക സംഘർഷം തീവ്രമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്, ഈ മേഖലയിലൂടെയോ മേഖലയിലേക്കോ ഉള്ള യാത്രകളെക്കുറിച്ച് അമേരിക്കക്കാർ പുനർചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണം; യെമനിൽ കരയുദ്ധം രൂക്ഷം

Send your news and Advertisements

You may also like

error: Content is protected !!