Monday, September 21, 2026
Home » ആധാർ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്ക് ഒക്ടോബർ ഒന്ന് മുതൽ ഗ്യാസ് സിലിണ്ടർ സബ്‌സിഡി നഷ്ടമാകും
ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ

ആധാർ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്ക് ഒക്ടോബർ ഒന്ന് മുതൽ ഗ്യാസ് സിലിണ്ടർ സബ്‌സിഡി നഷ്ടമാകും

by Editor

ന്യൂഡൽഹി: ഗാർഹിക എൽപിജി (LPG) ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുന്നതിന് ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ (e-KYC) കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. 2026 ഒക്ടോബർ ഒന്ന് മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 1-നകം ബയോമെട്രിക് മസ്തറിങ് പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി തുക ലഭിക്കില്ല. ഇങ്ങനെയുള്ളവർ സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ വിപണിയിലെ പൂർണ്ണമായ തുക നൽകേണ്ടി വരും. സബ്‌സിഡി ദുരുപയോഗം തടയുന്നതിനും സബ്‌സിഡികൾ അർഹരായ ഉപയോക്താക്കളിലേക്ക് മാത്രം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

ഇതിനകം ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കിയവർ വീണ്ടും ഈ പ്രക്രിയ ചെയ്യേണ്ടതില്ല. അവർക്ക് പതിവുപോലെ സിലിണ്ടറുകൾ ലഭിക്കും. ഇതുവരെ പൂർത്തിയാക്കാത്തവർക്ക് ബയോമെട്രിക് വിവരങ്ങൾ നൽകി സബ്‌സിഡി നിരക്കിലുള്ള സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്.

ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ മൂന്ന് വഴികൾളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്.
1. അതത് എൽപിജി വിതരണക്കാരുടെ ഷോറൂമുകൾ നേരിട്ട് സന്ദർശിച്ച് ബയോമെട്രിക് വിവരങ്ങൾ നൽകാം.
2. ഉപയോക്താക്കൾക്ക് വീടുകളിൽ ഇരുന്നു തന്നെ എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയും സ്വയം ഇത് പൂർത്തിയാക്കാം. അതത് എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയും (ഉദാഹരണത്തിന്: Indane ഉപഭോക്താക്കൾക്ക് IndianOil ONE, Bharat Gas ഉപഭോക്താക്കൾക്ക് HelloBPCL, HP Gas ഉപഭോക്താക്കൾക്ക് HP PAY) ആധാർ ഫേസ് ആപ്പ് (Aadhaar FaceRD) ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഫേസ് സ്കാൻ വഴി ഒതന്റിക്കേഷൻ നടത്താം.
3. സിലിണ്ടർ വീടുകളിലെത്തിക്കുന്ന ഡെലിവറി ജീവനക്കാർ വഴി എണ്ണക്കമ്പനികളുടെ മൊബൈൽ ആപ്പ് ഉപയോഗിച്ചും വെരിഫിക്കേഷൻ ചെയ്യാം.

ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തവർക്കോ അതിന് താൽപര്യമില്ലാത്തവർക്കോ പാചകവാതകം തുടർന്നും ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവർ തങ്ങളുടെ തീരുമാനം ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്സ്ആപ്പ് ചാറ്റ്ബോട്ട്, ഐവിആർഎസ് എന്നിവ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇത്തരം ഉപയോക്താക്കൾക്ക് സബ്‌സിഡി ഇല്ലാതെ വിപണി വിലയിലായിരിക്കും ഗ്യാസ് വിതരണം ചെയ്യുക. ലഭ്യതയ്ക്ക് അനുസൃതമായി അഞ്ച് കിലോ, പത്ത് കിലോ സിലിണ്ടറുകളാകും ഇവർക്ക് നൽകുകയെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 89.9 ശതമാനം സജീവ ഗാർഹിക എൽപിജി ഉപയോക്താക്കളും ഇതിനകം ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. 2026 സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം 27.43 കോടി ഉപയോക്താക്കൾ ഈ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!