Monday, September 21, 2026
Home » ചികിത്സാ സാമഗ്രികളുടെ പേരിൽ രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ വൻതുക ഈടാക്കുന്ന ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ നടപടികളിലേക്ക്
സ്വകാര്യ ആശുപത്രികളുടെ അമിത ബില്ലിംഗിന് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ

ചികിത്സാ സാമഗ്രികളുടെ പേരിൽ രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ വൻതുക ഈടാക്കുന്ന ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ നടപടികളിലേക്ക്

by Editor

ന്യൂഡൽഹി: ചികിത്സാ സാമഗ്രികളുടെ പേരിൽ രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ വൻതുക ഈടാക്കുന്ന ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ നടപടികളിലേക്ക് കടക്കുന്നു. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അടുത്തിടെ നടത്തിയ വിപണി സർവേയിൽ ചില അവശ്യ സാമഗ്രികൾക്ക് 2,800 ശതമാനത്തിലധികം ലാഭം ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. ആശുപത്രികളുടെ കൊള്ളലാഭ പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അടിയന്തര റിപ്പോർട്ട് നൽകാൻ ദേശീയ ഔഷധവിലനിയന്ത്രണ സമിതിയോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്ട്രേഷൻ കമ്മിഷണർ തുക്കാറാം മുണ്ഡേയുടെ നേതൃത്വത്തിൽ നടന്ന സമഗ്ര പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. കേവലം 11.05 രൂപയ്ക്ക് ആശുപത്രികൾ വാങ്ങുന്ന ഒരു ഐ.വി സെറ്റിന് രോഗികളിൽ നിന്ന് 325 രൂപ വരെ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. പല വസ്തുക്കൾക്കും 2500 ശതമാനത്തിലേറെയാണ് ആശുപത്രികൾ ലാഭം കൊയ്യുന്നത്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് തമിഴ്‌നാട്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡ്രഗ്സ് വിഭാഗങ്ങളും കേന്ദ്ര ഡ്രഗ്‌സ് വിഭാഗത്തെ സമീപിച്ചിട്ടുണ്ട്.

നിലവിൽ 18 ശതമാനത്തോളം മരുന്നുകൾക്ക് മാത്രമാണ് കൃത്യമായ വിലനിയന്ത്രണം ഉള്ളത്. പല മെഡിക്കൽ ഉപകരണങ്ങളുടെയും അമിതമായ പരമാവധി വില്പനവില (MRP) ആശുപത്രികൾ ചൂഷണത്തിനായി ഉപയോഗിക്കുന്നു. സ്റ്റെന്റുകൾ, കൃത്രിമ അസ്ഥിഘടകങ്ങൾ എന്നിവ ഒഴികെയുള്ള മറ്റ് ചികിത്സാ സാമഗ്രികൾ പലതും നിലവിൽ അവശ്യമരുന്ന് പട്ടികയ്ക്ക് പുറത്തായതാണ് ആശുപത്രികൾക്ക് തന്നിഷ്ടം പോലെ വില ഈടാക്കാൻ അവസരമൊരുക്കുന്നത്.

ഈ നിയമപരമായ പരിമിതി മറികടക്കാൻ ആശുപത്രികൾ ഇളവുകളോടെ ഉൽപന്നങ്ങൾ വാങ്ങുന്ന വിലയും രോഗികൾക്ക് നൽകുന്ന വിലയും തമ്മിലുള്ള അന്തരം (വ്യാപാര കമ്മിഷൻ) പരമാവധി 20 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് പാർലമെൻ്ററി സമിതി നിർദേശിച്ചിട്ടുണ്ട്. നിർമാണച്ചെലവിന് അനുസൃതമായി ലാഭ വിഹിതം കൃത്യമായി നിജപ്പെടുത്തി വൻകിട ആശുപത്രി ശൃംഖലകളുടെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പൊതുജനാരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം.

നിർമാണച്ചെലവും എം.ആർ.പി.യും തമ്മിലുള്ള ഭീമമായ വ്യത്യാസം കുറയ്ക്കുന്നതിനായി ‘ട്രേഡ് മാർജിൻ റേഷണലൈസേഷൻ’ നടപ്പിലാക്കാൻ കേന്ദ്രം ആലോചിക്കുന്നു. ആശുപത്രി മാനേജ്‌മെന്റുകൾ, നിർമാതാക്കൾ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തി ഈ സാമഗ്രികൾക്ക് കൃത്യമായ വില പരിധി (Price Cap) നിശ്ചയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലടക്കം സാധാരണക്കാരായ രോഗികൾ നേരിടുന്ന കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇതോടെ വലിയ രീതിയിൽ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!