കൊച്ചി: അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചെന്ന അബ്‌കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് കേരള ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ അല്ലെങ്കിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.
മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആന്റോ. നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ആന്റോ ഹൈക്കോടതി സമീപിച്ചത്. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ആന്റോ വെള്ളിയാഴ്ച സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇന്ന് തന്നെ ഇദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്.
പ്രതിയെ നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതാണെന്നും, വീട്ടിൽ നിന്നുള്ള മദ്യശേഖരം ഇതിനകം തന്നെ കണ്ടെടുത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ആന്റോ അഗസ്റ്റിന് എതിരെ മറ്റ് അബ്കാരി കേസുകൾ നിലവിലില്ല എന്നതും കോടതി പരിഗണിച്ചു. മദ്യം കണ്ടെത്തിയ വീട് വായ്പ കുടിശ്ശിക കാരണം ‘സർഫാസി’ നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റതാണെന്ന് ആൻ്റോ കോടതിയിൽ വാദിച്ചു. വീടിന് ഇപ്പോൾ ഉടമസ്ഥാവകാശ ബന്ധമില്ലെന്നും അവിടെനിന്ന് മദ്യം പിടിച്ചതിന് താൻ ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം.
രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആൻ്റോയുടെ പേരിൽ എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി, ജല ബില്ലുകൾ വരുന്നതും ആന്റോയുടെ പേരിലാണെന്നും അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂഷൻ കുറ്റപ്പെടുത്തി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും കുറിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായതിനാൽ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.

