നഗോയ: ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ തങ്ങളുടെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമാണ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചത്. ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ ടീം സ്വർണം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 217 റൺസെന്ന വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് ഓൾഔട്ടായി. ട്വൻ്റി-20 ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തെ മലേഷ്യയ്ക്കെതിരെ ഇന്ത്യ 142 റൺസ് വിജയം നേടിയിരുന്നു. സ്മൃതി മന്ദാനയുടെയും ഷഫാലി വർമ്മയുടെയും മികവാർന്ന ബാറ്റിംഗാണ് ഇന്ത്യൻ ടീമിന്റെ റൺസ് ഉയർത്തിയത്. 45 പന്തുകൾ നേരിട്ട സ്‌മൃതി ഏഴ് സിക്‌സും അഞ്ച് ഫോറും ഉൾപ്പടെ 79 റൺസ് അടിച്ചെടുത്തു.
22 പന്തിൽ 49 റൺസെടുത്ത റിച്ച ഘോഷും 28 റൺസിൽ 48 റൺസെടുത്ത ഷെഫാലി വർമ്മയും തിളങ്ങി. 21 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഏഴ് ശ്രീലങ്കൻ ബാറ്റർമാർ പത്ത് റൺസ് എടുക്കാതെ പുറത്തായി. 2023-ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും ശ്രീലങ്കയെത്തന്നെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ സ്വർണം നേടിയിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നിലനിർത്തുന്നത്.
ഈ വിജയത്തോടെ നിലവിൽ ഇന്ത്യയുടെ ആകെ മെഡൽ സമ്പാദ്യം 7 ആയി ഉയർന്നു (1 സ്വർണം, 4 വെള്ളി, 2 വെങ്കലം). മെഡൽ പട്ടികയിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. പുരുഷന്മാരുടെയും വനിതകളുടെയും 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത, ടീം ഇനങ്ങളിൽ നിന്നാണ് ഇന്ത്യ 4 വെള്ളിയും ഒരു വെങ്കലം സ്വന്തമാക്കിയത്. വനിതകളുടെ 60 കിലോഗ്രാം മിക്സഡ് മാർഷ്യൽ ആർട്സിൽ സുചിക തരിയാൽ വെങ്കലം നേടി.

