ന്യൂ ഡൽഹി: മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്തവർക്കായി വോയ്‌സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ നിർബന്ധമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്-TRAI) ഉത്തരവിട്ടു. ഡാറ്റ ആവശ്യമില്ലാത്ത മുതിർന്ന പൗരന്മാർ, സാധാരണ ഫോൺ ഉപയോഗിക്കുന്നവർ, കുറഞ്ഞ വരുമാനമുള്ളവർ എന്നിവർക്ക് അനാവശ്യമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ് 2026 ട്രായ് പുറത്തിറക്കിയത്.
‘ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026’ പ്രകാരമാണ് ട്രായ് (TRAI) ഈ പുതിയ നിർദ്ദേശം ഔദ്യോഗികമായി പുറപ്പെടുവിച്ചത്. കമ്പനികളുടെ എതിർപ്പുകൾ മറികടന്നാണ് സാധാരണക്കാരായ 30 കോടിയോളം വരുന്ന ഉപയോക്താക്കൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന ഈ ഉത്തരവ് ട്രായ് നടപ്പിലാക്കുന്നത്. പുതിയ നിയമങ്ങൾ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വന്ന് 30 ദിവസത്തിനകം പ്രാബല്യത്തിൽ വരും.
പുതിയ ചട്ടങ്ങൾ പ്രകാരം ടെലികോം സേവനദാതാക്കൾ, 30 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള ഡാറ്റയില്ലാത്ത വോയ്‌സ്-എസ്എംഎസ് പ്ലാനുകൾ കമ്പനികൾ നിർബന്ധമായും നൽകണം. ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ പ്ലാൻ പുതുക്കാവുന്ന പ്രത്യേക വൗച്ചറുകൾ ലഭ്യമാക്കണം. നിലവിലുള്ള ഡാറ്റ ഉൾപ്പെടുത്തിയ പ്ലാനുകളേക്കാൾ വളരെ കുറഞ്ഞ നിരക്കിലായിരിക്കണം ഈ പുതിയ വോയിസ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കേണ്ടത്. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകൾക്ക് പുറമെ, കൂടുതൽ വാലിഡിറ്റിയുള്ള പ്രത്യേക വോയ്‌സ്-എസ്എംഎസ് പ്ലാനുകളും കമ്പനികൾ അവതരിപ്പിക്കേണ്ടതുണ്ട്.
2026 ഏപ്രിൽ 7ന് കരട് ഭേദഗതി സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായം തേടുകയും 1,132 പ്രതികരണങ്ങൾ ലഭിക്കുകയും ജൂൺ 15ന് ഓപ്പൺ ഹൗസ് ചർച്ച നടത്തുകയും ചെയ്‌ത ശേഷമാണ് പുതിയ ചട്ടങ്ങൾ അന്തിമമാക്കിയത്. ട്രായ് യുടെ വിലയിരുത്തലിൽ, പുതിയ സംവിധാനം കുറഞ്ഞ വരുമാനമുള്ളവർക്കും ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കും അവരുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരം നൽകും.
സാധാരണ മൊബൈൽ ഉപയോക്താക്കളുടെ അവകാശവും താൽപര്യവും സംരക്ഷിക്കുന്നതിനായി ലോക്‌സഭയിൽ ഉന്നയിച്ച ആവശ്യം നയപരമായ മാറ്റത്തിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും അടിസ്ഥാന മൊബൈൽ സേവനങ്ങൾ അനാവശ്യമായ ഡാറ്റാ ചെലവില്ലാതെ ലഭ്യമാക്കുന്നത് ഉപഭോക്തൃ സൗഹൃദ ടെലികോം നയത്തിൻ്റെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

