ബിഡത: ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിലെ ബിഡതിയിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു. കോഴിക്കോട് ഡിപ്പോയിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് (KL 15-1963) അപകടത്തിൽപ്പെട്ടത്. കണ്ടക്ടർ എൻ.എം. അരുൺ കുമാർ (കോവൂർ സ്വദേശി) സംഭവസ്ഥലത്തും, ഡ്രൈവർ മിഥിലേഷ് (വെള്ളയിൽ സ്വദേശി) ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണമടഞ്ഞത്.
നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടവിവരം അറിഞ്ഞ് കോഴിക്കോട് നിന്ന് ഉദ്യോഗസ്ഥർ അപകട സ്ഥലത്തേക്ക് തിരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9.30 ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസായിരുന്നു. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളെന്നാണ് വിവരം.

