ന്യൂ ഡൽഹി: ഇന്ത്യൻ അതിർത്തിക്ക് സമീപം പാക്കിസ്ഥാൻ ഏകദേശം 250 ചൈനീസ് നിർമ്മിത SH-15 ഹോവിറ്റ്‌സറുകൾ (SH-15 Howitzers) വിന്യസിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിന് ശേഷം അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന ഏറ്റവും വലിയ പീരങ്കി വിന്യാസങ്ങളിലൊന്നാണിത്.
ഗുജ്‌റൻവാല, സിയാൽകോട്ട്, ജലാൽപൂർ ജട്ടാൻ എന്നീ തന്ത്രപ്രധാനമായ മേഖലകളിലാണ് ഈ ട്രക്ക് ഘടിപ്പിച്ച പീരങ്കികൾ പ്രധാനമായും സ്ഥാപിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിലെ മരുഭൂമി പ്രദേശങ്ങളിൽ യു.എസ് നിർമ്മിത M-109 ട്രാക്ക്ഡ് പീരങ്കികളാണ് പാക്കിസ്ഥാൻ ഇപ്പോഴും ഉപയോഗിക്കുന്നത്. സമതലങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും വേഗത്തിൽ നീക്കാൻ സാധിക്കുന്നതിനാലാണ് SH-15 പീരങ്കികൾ വടക്കൻ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്.
ഹോവിറ്റ്‌സറുകൾ (Howitzers) എന്നത് വളരെ ദൂരെയുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ ഉപയോഗിക്കുന്ന വലിയ ഇനം പീരങ്കികളാണ് (Artillery Guns). ചൈനയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയായ നോറിൻകോ (NORINCO) ആണ് ഈ പീരങ്കികൾ നിർമ്മിക്കുന്നത്. സാധാരണ വെടിയുണ്ടകൾ ഉപയോഗിച്ച് 30 മുതൽ 40 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ഇതിനാകും. എന്നാൽ റോക്കറ്റ് സഹായത്തോടെ പ്രവർത്തിക്കുന്ന ആധുനിക (V-LAP) വെടിയുണ്ടകൾ ഉപയോഗിച്ചാൽ 72 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ ഭേദിക്കാൻ ഇതിന് ശേഷിയുണ്ട്.
വെടിയുതിർത്ത ശേഷം കൗണ്ടർ-റഡാറുകൾക്ക് കണ്ടെത്താൻ കഴിയുന്നതിന് മുൻപ് തന്നെ വളരെ വേഗത്തിൽ അവിടെനിന്നും ഈ പീരങ്കി വാഹനം മാറ്റിസ്ഥാപിക്കാൻ കഴിയും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന 6×6 ട്രക്ക് ഷാസിയിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന യു.എസ് നിർമ്മിത പഴയ M-109 പീരങ്കികൾക്ക് ഇന്ത്യൻ അതിർത്തിയിൽ വേഗത്തിൽ നീങ്ങാൻ പരിമിതികളുണ്ടായിരുന്നു. കൂടാതെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കെ-9 വജ്ര (K-9 Vajra), ധനുഷ് തുടങ്ങിയ ആധുനിക പീരങ്കികൾ അതിർത്തിയിൽ വിന്യസിച്ചതിന് മറുപടിയായാണ് പാക്കിസ്ഥാൻ തങ്ങളുടെ പീരങ്കിപ്പടയെ ആധുനികവൽക്കരിക്കാൻ തുടങ്ങിയത്.
ഇന്ത്യയുടെ ശക്തമായ തിരിച്ചടികളിൽ നിന്നുള്ള ഭയവും, ഇന്ത്യയുടെ സൈനിക വളർച്ചയ്ക്ക് തടയിടാനുള്ള ചൈന-പാക് കൂട്ടുകെട്ടുമാണ് ഇപ്പോൾ ഈ അടിയന്തിര വിന്യാസത്തിലേക്ക് നയിച്ചത് എന്നാണ് പ്രതിരോധ വിശകലനങ്ങൾ. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനെ മുൻനിർത്തി ഒരു ‘ഇരട്ട മുന്നണി’ ഭീഷണി നിലനിർത്തുക എന്നത് ചൈനയുടെ തന്ത്രപരമായ ആവശ്യമാണ്. ചൈനീസ് കമ്പനിയായ നോറിൻകോ നിർമ്മിച്ച ഈ പീരങ്കികൾ പാക്കിസ്ഥാന് നൽകിയത് വഴി ഇന്ത്യയുടെ മേൽ തന്ത്രപരമായ സമ്മർദ്ദം ചെലുത്താൻ ചൈന ശ്രമിക്കുന്നു. ചൈനയുടെ സഹായത്തോടെ അതിർത്തികളിൽ അണ്ടർഗ്രൗണ്ട് ബങ്കറുകളും കമ്മ്യൂണിക്കേഷൻ ടവറുകളും പാക്കിസ്ഥാൻ നിർമ്മിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യൽ ചാവേർ ആക്രമണം; 14 മരണം

