സ്വാത്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുള്ള സ്വാത് ജില്ലയിലെ കബാൽ പൊലീസ് സ്റ്റേഷന് പുറത്തുണ്ടായ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരെ പ്രദേശവാസികളും സിവിൽ സൊസൈറ്റി പ്രവർത്തകരും ചേർന്ന് സമാധാന റാലി നടത്തുന്നതിനിടയിലാണ് ഈ ദാരുണമായ ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ 5 പൊലീസ് ഉദ്യോഗസ്ഥരും 8 സാധാരണക്കാരും ഉൾപ്പെടുന്നു. പതിനാലാമത്തെയാൾ ചാവേറാണെന്നാണ് പ്രാഥമിക നിഗമനം റാലി അവസാനിക്കാറായ സമയത്ത് പൊലീസുകാരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
മേഖലയിൽ വർധിച്ച് വരുന്ന ഭീകര പ്രവർത്തനങ്ങളിലും ക്രമസമാധാന തകർച്ചയിലും പ്രതിഷേധിച്ച് സ്വാത്ത് അമൻ ജിർഗയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. റാലി നടന്ന സ്ഥലത്തിന് സമീപമുള്ള കബാൽ പൊലീസ് സ്റ്റേഷന്റെ പ്രധാന കവാടത്തിലൂടെ അകത്തുകടക്കാൻ ശ്രമിച്ച ചാവേറിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ പരിഭ്രാന്തരായ ജനം ചിതറിയോടിയത് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസമുണ്ടാക്കി. സംഭവ സ്ഥലത്തെത്തിയ സുരക്ഷാ സേന പ്രദേശം പൂർണമായി വളയുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഫോടനത്തിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
നിരോധിക്കപ്പെട്ട ഭീകരസംഘടനയായ തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (TTP) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ അവസാന വാരം ഇതേ പ്രവിശ്യയിലെ ഹംഗു ജില്ലയിലുള്ള ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ 11 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ജനുവരി മുതൽ പാക്കിസ്ഥാനിൽ 3,145 ഓളം തീവ്രവാദ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമടക്കം 819 പാക്കിസ്ഥാൻ സ്വദേശികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അധോലോക നേതാവ് ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂച് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ.

