Monday, August 3, 2026
Home » കേരളത്തിൽ മഴ ശക്തമായി തുടരുന്നു; ആകെ മരണം 15, ഇന്നും ശക്തമായ മഴയെന്ന് പ്രവചനം.
മഴ കനക്കും

കേരളത്തിൽ മഴ ശക്തമായി തുടരുന്നു; ആകെ മരണം 15, ഇന്നും ശക്തമായ മഴയെന്ന് പ്രവചനം.

11 ജില്ലകളിലും രണ്ട് താലൂക്കുകളിലും ഇന്ന് അവധി

by Editor

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ന് (തിങ്കളാഴ്‌ച) വിവിധ ജില്ലകളിലും താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മഴക്കെടുതിയിൽ ഇന്നലെ 6 മരണം കൂടിയായതോടെ ആകെ മരണം 15 ആയി. 11 മരണമെന്നാണ് ഔദ്യോഗിക സ്‌ഥിരീകരണം. തിരുവനന്തപുരത്തും കൊല്ലത്തുമായി കടലിൽ വള്ളം മുങ്ങി കാണാതായ 4 മത്സ്യത്തൊഴിലാളികൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു. സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ക്യാമ്പുകളിലായി നിലവിൽ 5,792 പേരെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിലും കാറ്റിലും 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ജീവനോപാധികളും വീടും നഷ്ടപ്പെട്ടവർക്കും ദുരിതബാധിതരായ കുടുംബങ്ങൾക്കും അടിയന്തര സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴയുടെ അളവിൽ ചിലയിടങ്ങളിൽ നേരിയ കുറവുണ്ടെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണെന്നും ആവശ്യമായ സഹായങ്ങൾക്ക് പ്രാദേശിക ഭരണകൂടങ്ങളുമായോ കൺട്രോൾ റൂമുകളുമായോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തി‍ൽ മുങ്ങിയ പത്തനംതിട്ട റാന്നി, കോട്ടയത്തെ പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ വെള്ളമിറങ്ങിത്തുടങ്ങി. അതേസമയം, അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ടയിലെ മലയോര മേഖലയിൽ ജാ​ഗ്രതാ അനൗൺസ്മെന്റ് തുടങ്ങി. പത്തനംതിട്ടയിൽ മിന്നൽപ്രളയ മുന്നറിയിപ്പും നൽകി. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർക്കാണ് മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയത്. ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങൾ പോലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്ഥിതിഗതികൾ നോക്കിയശേഷം വാഹനങ്ങൾ കടത്തിവിടും. നിറപുത്തരിക്കായി ശബരിമല നട തുറന്ന സമയമാണിത്.

കോഴിക്കോട്ട് കക്കയം ഡാമിന്റെ ഷട്ടർ തുറന്നു. കുറ്റ്യാടി പുഴയിൽ നിലവിലുള്ള ജലനിരപ്പിൽ നിന്ന് ഏകദേശം 30 സെമീ മുതൽ 150 സെ.മീ വരെ വെള്ളം ഉയരാമെന്നാണ് മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിൽ തിങ്കളാഴ്‌ച യെല്ലോ അലർട്ട് നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പക്കലുള്ള ഫണ്ട് വിനിയോഗിക്കാൻ യോഗത്തിൽ മന്ത്രി നിർദേശം നൽകി. ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വരെയും മുനിസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷം രൂപ വരെയും കോർപറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപ വരെയും വിനിയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്..

കേരളത്തിൽ മിന്നൽപ്രളയത്തിൽ മരണം 9 ആയി; കരകവിഞ്ഞ് നദികൾ, ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

 

Send your news and Advertisements

You may also like

error: Content is protected !!