Wednesday, August 5, 2026
Home » അറസ്റ്റിലായ ഉദയനിധി സ്റ്റാലിനെ മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് വിട്ടയച്ചു
തൃഷയ്ക്കെതിരായ ദ്വയാർഥ പ്രയോഗം; തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ ഉദയനിധി സ്റ്റാലിനെ മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് വിട്ടയച്ചു

by Editor

ചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് ചോദ്യം ചെയ്ത‌ശേഷം വിട്ടയച്ചു. തഞ്ചാവൂർ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഉദയനിധി സ്റ്റാലിനെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണവുമായി സഹകരിക്കണമെന്ന് ഉദയനിധിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുമെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ പോലീസിന് ഉദ്ദേശ്യമില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു. അദ്ദേഹത്തെ ചോദ്യംചെയ്‌ത്‌ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ മാത്രമാണ് സംസ്ഥാന സർക്കാരിന് ഉദ്ദേശ്യമുള്ളതെന്നും അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കിയിരുന്നു.

തഞ്ചാവൂരിൽ കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. വിഷയത്തിൽ പരാതികളെ തുടർന്ന് തഞ്ചാവൂർ പോലീസ് കേസെടുക്കുകയും രാവിലെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാകുമെന്ന് കണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചെന്നൈയിലെ വസതിയിൽ നിന്നാണ് പോലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനും സ്ത്രീകളുടെ മാന്യതയ്ക്ക് കോട്ടം വരുത്തിയതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അധിക്ഷേപ പരമാർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് മുഖ്യമന്ത്രി വിജയ്‍യുടെ നേരിട്ടുള്ള നിർദേശപ്രകാരം എന്ന് ടിവികെ വൃത്തങ്ങൾ. അതിരുവിട്ട പരാമർശങ്ങൾ ഇനിയും അനുവദിക്കില്ലെന്ന് വിജയ് നിലപാട് സ്വീകരിച്ചു. ഉദയനിധിയെ അറസ്റ്റ് ചെയുന്നത് സന്ദേശമാകുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യില്ലെന്ന് അറിയാമായിരുന്നു എന്നും നേതാക്കൾ വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!