തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നി പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കു പുറമെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും ചില സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് നടപടി. പത്തനംതിട്ട, എറണാകുളം, തൃശൂർ, ആലപ്പുഴ, കാസർകോട്, ഇടുക്കി, കോട്ടയം എന്നി ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർഥികളും താമസിച്ച് പഠിക്കുന്ന റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് വയനാട്, ഇടുക്കി ജില്ലകളിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.
ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്‌ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി.
സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ എല്ലാ വർഷവും പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി ക്യാമ്പുകളിലെത്തി ദുരിത ബാധിതരെയും കണ്ടു. ജില്ലയിൽ 133 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 6400 ൽ കൂടുതൽ ആളുകൾ ക്യാമ്പിൽ ഉണ്ട്. തിരുവല്ല ഭാഗത്താണ് കൂടുതൽ ക്യാമ്പുകൾ ഉള്ളത്. വെള്ളം ഇറങ്ങാത്തതും ആ ഭാഗത്താണ്. ജില്ലാ ഭരണകൂടത്തിന് പൂർണഅധികാരം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണത്തിന് എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാം. ക്യാമ്പുകളിൽ ഭക്ഷണം ഏറ്റവും നല്ല രീതിയിൽ നൽകണം. ടോയ്‌ലറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ ബയോ ടോയ്ലറ്റ് സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ച് അൽപസമയത്തിനുള്ളിൽ തന്നെ വലിയ മഴ പെയ്യുന്ന സാഹചര്യമാണുള്ളത്. വനത്തിനകത്ത് മണ്ണിടിച്ചിൽ ഉണ്ടായി. അതുകൊണ്ടാണ് വെള്ളം കയറിയത്. ഇത് വനംവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകും. അതിഥി തൊഴിലാളികളും വലിയ ദുരിതം അനുഭവിക്കുന്നുണ്ട്. അവർക്കും ഭക്ഷണം നൽകാൻ സംവിധാനമുണ്ടാക്കും. എത്ര ഉദ്യോഗസ്ഥരെ വേണമെങ്കിലും നിയോഗിക്കാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി വിലയിരുത്തുന്നതിനു ജില്ലയിലെത്താൻ താൻ വൈകിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഏത് ക്യാംപിൽ പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞാലും പരിഹരിക്കും. അത് സിപിഎമ്മുകാർ പറഞ്ഞാലും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: അസമിൽ പ്രളയക്കെടുതിയിൽ മരണം 87 ആയി

