Wednesday, August 5, 2026
Home » ചെങ്കടലിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി യെമൻ സൈന്യം, കപ്പൽ മുങ്ങി.

ചെങ്കടലിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി യെമൻ സൈന്യം, കപ്പൽ മുങ്ങി.

by Editor

ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ ‘എം. എസ്. വി ഫൈസ് നൂറെ ഒലിയ’ക്ക് (MSV Faize Noore Oliya) നേരെ ആക്രമണം. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ തലകീഴായി മറിഞ്ഞ് സമുദ്രത്തിൽ മുങ്ങി. എന്നാൽ, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമുൾപ്പെടെ 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ  തുറമുഖ നഗരത്തിന് ഏകദേശം 13 നോട്ടിക്കൽ മൈൽ തെക്ക് മാറിയാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. പ്രൊജക്റ്റൈൽ അല്ലെങ്കിൽ സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗികമായി ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണെന്ന് യെമൻ സർക്കാർ ആരോപിക്കുന്നു. കോസ്റ്റ് ഗാർഡും നേവി യൂണിറ്റും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാവികരെ രക്ഷപ്പെടുത്തിയതെന്ന് യെമെൻ നാഷണൽ റസിസ്റ്റൻസ് ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ (Mokha) തുറമുഖത്ത് എത്തിക്കുകയും അവർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളും വൈദ്യസഹായവും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

കപ്പലിന് നേരെ നടന്ന പ്രകോപനമില്ലാത്ത ആക്രമണത്തെ കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാളും വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ മന്ത്രി, മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പൽ ജീവനക്കാരുടെയും പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന് കർശന നിർദ്ദേശം നൽകി. ചെങ്കടലിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതത്തിന് നേരെ നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാരെ വേഗത്തിൽ രക്ഷപ്പെടുത്തിയ യെമൻ ഭരണകൂടത്തിനും കോസ്റ്റ് ഗാർഡിനും ഇന്ത്യ നന്ദി അറിയിച്ചു.

യുഎസ്-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ ഇന്നലെ (ഓഗസ്റ്റ് 4) പലയിടങ്ങളിലായി ശക്തമായ സൈനിക നീക്കങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഒമാന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇസ്രായേൽ, യെമൻ, ഇറാഖ്, ഗാസ എന്നീ മേഖലകളിൽ സംഘർഷം രൂക്ഷമായി തുടർന്നു. ഇറാഖിലെ ഇറാൻ പിന്തുണയുള്ള കുർദിസ്ഥാൻ മേഖലയിൽ മിലിഷ്യ ഗ്രൂപ്പുകൾ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കുവൈറ്റിലെ യുഎസ് സൈനിക താവളത്തിന് നേരെയും ഒമാൻ തീരത്ത് മറ്റ് കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കുവൈറ്റ്-ഇറാഖ് അതിർത്തി മേഖലകളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തിന് സമീപം വെച്ച് ഇന്ത്യൻ ചരക്കുകപ്പലായ ‘എം. എസ്. വി ഫൈസ് നൂറെ ഒലിയ’ക്ക് നേരെ ആക്രമണം ഉണ്ടായത് കൂടാതെ ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം (Khasab ന് വടക്കുകിഴക്ക്) വെച്ച് ലൈബീരിയൻ പതാക ഘടിപ്പിച്ച ഒരു വലിയ ചരക്കുകപ്പലിന് നേരെയും അജ്ഞാത സ്ഫോടകവസ്തു ഉപയോഗിച്ച് ആക്രമണമുണ്ടായി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഈ ആക്രമണം സ്ഥിരീകരിക്കുകയും കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം യുഎസ്-ഇറാൻ ചർച്ചകളിൽ നിർണ്ണായകമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് നയതന്ത്ര വൃത്തങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആഗോള എണ്ണക്കടത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നും നാളെയുമായി (ഓഗസ്റ്റ് 5, 6) ഒരു താൽക്കാലിക കരാർ ഒപ്പുവെക്കാൻ സാധിച്ചേക്കുമെന്ന് യുഎസ് വക്താക്കൾ പ്രത്യാശ പ്രകടിപ്പിക്കുന്നത്. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ പ്രകാരം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഒരു പുതിയ സംവിധാനം രൂപീകരിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് എന്നിവർ ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും ഇന്നോ നാളെയോ തന്നെ കരാർ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി. അതേസമയം തങ്ങൾ ഒമാനുമായാണ് ചർച്ചകൾ നടത്തുന്നതെന്നും അമേരിക്കയുമായി നേരിട്ട് യാതൊരു ചർച്ചയും നിലവിലില്ലെന്നുമാണ് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് ആവർത്തിക്കുന്നത്. എന്നാൽ യുഎസ് പ്രതിനിധികൾ പരോക്ഷമായി ഈ ചർച്ചകളിൽ പങ്കാളികളാണ്.

കുവൈത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയും ആക്രമണം.

Send your news and Advertisements

You may also like

error: Content is protected !!