സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ മുകൾഭാഗം 2026 ഓഗസ്റ്റ് 5-ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങും. 2025 ജനുവരിയിൽ രണ്ട് സ്വകാര്യ ചാന്ദ്ര ലാൻഡറുകളെ വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ഈ ഭാഗം, ചന്ദ്രന്റെ ഗുരുത്വാകർഷണവും സൗരപ്രവർത്തനങ്ങളും കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രനിലേക്ക് നീങ്ങിയത്.
മണിക്കൂറിൽ ഏകദേശം 8,700 കിലോമീറ്റർ (ശബ്ദത്തേക്കാൾ 7 ഇരട്ടി വേഗത) വേഗതയിലാണ് ഇത് ചന്ദ്രനിൽ പതിക്കുക. ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായി നിൽക്കുന്ന ഭാഗത്തുള്ള ‘ഐൻസ്റ്റീൻ ഗർത്തത്തിന്’ (Einstein Crater) സമീപമാണ് ഈ റോക്കറ്റ് അവശിഷ്ടം പതിക്കുക. ഏകദേശം 3 ടൺ ടി.എൻ.ടി സ്ഫോടനത്തിന് തുല്യമായ ഊർജ്ജമായിരിക്കും ഈ ആഘാതത്തിൽ പുറന്തള്ളപ്പെടുക. ഈ കൂട്ടിയിടി മൂലം ചന്ദ്രനിൽ ഏകദേശം 20 മുതൽ 30 മീറ്റർ വരെ വ്യാസമുള്ള വലിയൊരു പുതിയ ഗർത്തം രൂപപ്പെടും.
ഇടിയുടെ ആഘാതത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ഉയരത്തിൽ വരെ പൊടിപടലങ്ങൾ ഉയർന്നേക്കാം എന്നാണ് ശാസ്ത്രഞൻമാർ അഭിപ്രായപ്പെടുന്നത്. സാധാരണ കണ്ണുകൾ കൊണ്ട് ഇത് കാണാൻ കഴിയില്ലെങ്കിലും, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലുള്ളവർക്ക് ശക്തമായ ടെലിസ്‌കോപ്പുകളിലൂടെ ഈ കൂട്ടിയിടിയും പൊടിപടലങ്ങളും കാണാൻ സാധിച്ചേക്കും. നാസയുടെ (NASA) ‘ലൂണാർ റീകോണസൻസ് ഓർബിറ്റർ’, ദക്ഷിണ കൊറിയയുടെ ‘ദനൂരി’ എന്നീ ചാന്ദ്ര പേടകങ്ങൾ ഈ കൂട്ടിയിടിയെ നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചും മൺതരികളെക്കുറിച്ചും കൂടുതൽ പഠിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതൊരു അപൂർവ്വ അവസരമാണ്.

