Tuesday, August 4, 2026
Home » കുവൈത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയും ആക്രമണം.

കുവൈത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയും ആക്രമണം.

by Editor

കുവൈറ്റ് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്തിൽ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണവും സ്ഫോടനങ്ങളും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.

കുവൈത്തിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഇതിന് പുറമെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന സംഭരണശാലകൾക്ക് നേരെയും കഴിഞ്ഞ മണിക്കൂറുകളിൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആണ് കുവൈത്തിലെ യുഎസ് സൈനിക താവള ലക്ഷ്യമാക്കി ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തെത്തുടർന്ന് കുവൈത്തിന്റെ മധ്യഭാഗങ്ങളിൽ വലിയ രീതിയിൽ തീപിടുത്തമുണ്ടാവുകയും ആകാശത്തേക്ക് കറുത്ത പുക ഉയരുകയും ചെയ്തു.

കുവൈത്തിന്റെ എയർ ഡിഫൻസ് സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുകയും ചില മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ വെടിവെച്ചിടുകയും ചെയ്തു. ഈ പ്രതിരോധ നടപടിയുടെ ഭാഗമായി കൂടിയാണ് നഗരത്തിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടത് എന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനങ്ങളിൽ ആർക്കും ജീവഹാനി സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ തകർന്നുവീണ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കുവൈത്തിന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇറാഖിലെ ബസ്ര പ്രവിശ്യയിലും ഇന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിനടുത്ത് വെച്ച് ഒരു ചരക്ക് കപ്പലിന് നേരെയും ഇന്ന് മിസൈൽ ആക്രമണം ഉണ്ടായിട്ടുണ്ട്. ബ്രിട്ടന്റെ ഔദ്യോഗിക കടൽ സുരക്ഷാ ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ഈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ലിബേറിയൻ പതാകയുള്ള ‘മിനോവൻ പയനിയർ’ (Minoan Pioneer) എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ എൻജിൻ റൂമിനാണ് ആഘാതമേറ്റത്. ഇതോടെ കപ്പലിലെ വൈദ്യുതി പൂർണ്ണമായും നിലയ്ക്കുകയും ജീവനക്കാർ താമസിക്കുന്ന ഭാഗത്ത് വൻ തീപിടുത്തമുണ്ടാകുകയും ചെയ്തു.

ചർച്ച നടക്കുന്നുവെന്ന് ട്രംപ്; ചർച്ച നടക്കുന്നില്ലെന്ന് ഇറാൻ

Send your news and Advertisements

You may also like

error: Content is protected !!