വാഷിങ്ടൻ: ഇറാനുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്തുകയോ പൂർണമായി ഇറാൻ കീഴടങ്ങുകയോ ചെയ്താൽ മാത്രമേ ഹോർമുസിൽ ഇറാനെതിരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം അമേരിക്കയുമായുള്ള ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാനോ അമേരിക്കൻ പ്രതിനിധി സംഘത്തെ സ്വീകരിക്കാനോ പദ്ധതിയില്ലെന്നാണ് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണം.
ഇറാൻ ഭരണകൂടത്തിന്റെയും ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ സഖ്യരാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് ഇറാനുമേൽ നടത്താനിരുന്ന ശക്തമായ വ്യോമാക്രമണം താൽക്കാലികമായി ഒഴിവാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നാം ഘട്ടത്തിൽ സംസാരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ചർച്ചകൾ നടക്കുന്നില്ലെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ഇറാന്റെ നേതൃത്വം അങ്ങേയറ്റം കപടത നിറഞ്ഞതാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വിമർശിച്ചു.
വാഷിംഗ്ടണുമായി നേരിട്ടോ അല്ലാതെയോ ഉള്ള പുതിയ ചർച്ചകൾക്കൊന്നും പദ്ധതിയില്ലെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്‌മായിൽ ബഗായ് വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അയൽരാജ്യമായ ഒമാനുമായി മാത്രമാണ് നിലവിൽ ചർച്ചകൾ നടത്തുന്നതെന്ന് ഇറാൻ അറിയിച്ചു.
ഇറാൻ ഒന്നുകിൽ പുതിയൊരു ആണവ കരാറിൽ ഒപ്പുവയ്ക്കാൻ തയാറാകണമെന്നും അല്ലാത്തപക്ഷം പൂർണമായി കീഴടങ്ങേണ്ടി വരുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. യുഎസിൻ്റെ കടുത്ത നാവിക ഉപരോധത്തെത്തുടർന്ന് ഇറാനിലേക്ക് ഒരു സാധനവും ഇപ്പോൾ എത്തുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ മറ്റു വഴികളൊന്നും അവർക്കു മുന്നിലില്ലെന്നും ട്രംപ് പറഞ്ഞു.

