ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ അജ്ഞാതരായ തോക്കുധാരികളുടെ ആക്രണത്തിൽ മുപ്പതിലധികം ഭീകരർ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് ലഷ്‌കർ നേതാവ് റിസ്വാൻ ഹനീഫ്. ലഷ്കർ-ഇ-ത്വയ്യിബ (LeT) ഭീകരസംഘടനയുടെ മുതിർന്ന നേതാവായ റിസ്‌വാൻ ഹനീഫ് പാക്കിസ്ഥാനിൽ വെച്ച് നടത്തിയ പരസ്യ പ്രസംഗത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ 3 മുതൽ 4 വർഷത്തിനിടെ പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലും പാക് അധീന കശ്മീരിലുമായി തങ്ങളുടെ മുപ്പതിലധികം ഭീകരർ “അജ്ഞാതരുടെ” ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്നും ഇയാൾ ആരോപിച്ചു.
ഇന്ത്യ തിരയുന്ന മുതിർന്ന ലഷ്കർ ഭീകരനായ റിസ്‌വാൻ ഹനീഫ്. ഇയാൾ ക്യാമറയ്ക്ക് മുന്നിൽ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വീഡിയോ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പെഷവാർ, കറാച്ചി, റാവൽപിണ്ടി, മുസാഫറാബാദ്, റാവലാകോട്ട് തുടങ്ങിയ പാക്കിസ്ഥാൻ നഗരങ്ങളിൽ വെച്ച് തങ്ങളുടെ ആളുകളെ ഇന്ത്യൻ ഏജന്റുകൾ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ വാദം.
തങ്ങളുടെ സംഘടനയ്ക്ക് പാക്കിസ്ഥാനിൽ വെച്ച് വലിയ രീതിയിൽ ആളപായം ഉണ്ടാകുന്നുണ്ടെന്ന് ഒരു ലഷ്കർ നേതാവ് പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമായാണ്. ലഷ്കർ നേതാവിന്റെ ഈ ആരോപണങ്ങൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനിലെ ഇത്തരം ടാർഗെറ്റഡ് കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന ആരോപണം മുൻപും ഇന്ത്യ നിഷേധിച്ചിട്ടുള്ളതാണ്. തീവ്രവാദ സംഘടനകൾ ജനങ്ങളിൽ മതവിദ്വേഷം വളർത്താനും തങ്ങളുടെ പരാജയങ്ങൾ മറയ്ക്കാനും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അധോലോക നേതാവ് ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂച് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ.

