കേരളം ഉൾപ്പെടെയുള്ള 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD). വടക്കേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 87 ആയി. അസമിലെ 7 ജില്ലകളിലായി 1.28 ലക്ഷത്തിലധികം ആളുകളെ പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അസമിന്റെ അയൽ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ അടുത്ത കുറച്ചു ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് അസമിലെ അതിർത്തി ജില്ലകളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ NDRF, SDRF തുടങ്ങിയ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. തമിഴ്നാടിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
മഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരിൽ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ നാല് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായി.
കേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകയിലെ ദക്ഷിണ കന്നഡ, ഷിമോഗ, ഉഡുപ്പി ജില്ലകളിൽ അതിശക്തമായ മഴ സാധ്യത പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ലഖ്‌നൗ, കാൺപൂർ, അയോധ്യ, അമേഠി, റായ്ബറേലി ഉൾപ്പെടെയുള്ള മധ്യ-കിഴക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലവിലുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോർ, ഭിന്ദ്, ദാതിയ, മൊറേന തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയും തുടരും. ഉത്തരാഖഡിലെ ഡെഹ്‌റാഡൂൺ, ഉത്തരകാശി, പിത്തോരഗഡ്, ബാഗേശ്വർ എന്നീ മലയോര ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഹരിയാനയിലെ അംബാല, ഗുരുഗ്രാം, ഫരീദാബാദ്, കുരുക്ഷേത്ര തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രളയബാധിത പ്രദേശമായ അസമിലെ ജോർഹട്ട്, ശിവസാഗർ ജില്ലകളിലും, നാഗാലാൻഡ്, മണിപ്പൂർ, പശ്ചിമ ബംഗാൾ (ഉത്തര ദിനാജ്‌പൂർ) എന്നീ സംസ്ഥാനങ്ങളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

