തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുന്നു. വരും മണിക്കൂറുകളിലും ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയി. തിങ്കളാഴ്ച മഴയുടെ തീവ്രതയിൽ ചെറിയ ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇന്നും വെള്ളക്കെട്ടിൽ തന്നെയാണ്. കാണാതായ എഴ് പേർക്കായി വിവിധ ഭാഗങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂകൂളുകൾക്കും കണ്ണൂർ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ റവന്യൂ, ദുരന്തനിവാരണ സേനകൾ സർവ സജ്ജമായി രംഗത്തുണ്ട്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് പ്രകൃതി ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലകളിൽ നിന്നെത്തിയ കുത്തിയൊഴുക്കിൽ പടിഞ്ഞാറൻ മേഖലകൾ പൂർണമായും വെള്ളത്തിനടിയിലായി. മുൻപ് വെള്ളമിറങ്ങിയ പത്തനംതിട്ട റാന്നിയിൽ പമ്പയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ വീണ്ടും വീടുകളിലും റോഡുകളിലും വെള്ളം കയറുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു.
മലപ്പുറം, കണ്ണൂർ, കാസർകോട്, ഇടുക്കി മേഖലകളിൽ ഒന്നിലധികം ഇടങ്ങളിൽ പുതിയതായി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നും ഇതുവരെ പതിമൂവായിരത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു. നിലവിൽ പ്രവർത്തിക്കുന്ന 353 ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. പ്രധാന നദികളായ ഭാരതപ്പുഴ, പമ്പ തുടങ്ങിയവയിലെല്ലാം അപകടകരമായ വിധത്തിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുകയാണ്.
പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സന്ദർശിക്കും. 12 മണിക്ക് ആറൻമുളയില്‍ ആയിരിക്കും ആദ്യ സന്ദർശനം. ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാമ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തില്‍ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദർശിക്കാൻ വിഡി സതീശൻ എത്തുന്നത്.

