Friday, June 26, 2026
Home » ഇന്ന് ലോക ലഹരിവിരുദ്ധ ദിനം: തലമുറകളെ വിഴുങ്ങുന്ന ലഹരിക്കെതിരെ പോരാടാം
ലഹരി

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം: തലമുറകളെ വിഴുങ്ങുന്ന ലഹരിക്കെതിരെ പോരാടാം

by Editor

എല്ലാ വർഷവും ജൂൺ 26 ആണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി (International Day Against Drug Abuse and Illicit Trafficking) ആചരിക്കുന്നത്. മയക്കുമരുന്ന് ദുരുപയോഗം, അതിന്റെ അനധികൃത കടത്ത് എന്നിവയ്‌ക്കെതിരെ ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി ലോകം ആചരിക്കുമ്പോൾ അതൊരു കേവല ചടങ്ങായി മാറരുത്, മറിച്ച് ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രതിരോധ മതിൽ തീർക്കാനുള്ള കർക്കശമായ ആഹ്വനമാകണം അത്. ലഹരിയോട് പൂർണ്ണമായി ‘NO’ എന്ന് ഉറപ്പിച്ചു പറയാനും നമ്മുടെ യുവത്വത്തെയും കുടുംബങ്ങളെയും ഈ മഹാവിപത്തിൽ നിന്ന് കാത്തുസൂക്ഷിക്കാനും നാം ഓരോരുത്തരും വ്യക്തിപരമായി പ്രതിജ്ഞാബദ്ധരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

1987 ഡിസംബർ 7-ന് ഐക്യരാഷ്ട്രസഭ (UN) പാസാക്കിയ പ്രമേയത്തെ തുടർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 1989 ജൂൺ 26 മുതലാണ് ഔദ്യോഗികമായി ഈ ദിവസം ലഹരിവിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക. മയക്കുമരുന്ന് മാഫിയകൾക്കെതിരെയും അനധികൃത മരുന്ന് കടത്തിനെതിരെയും ആഗോളതലത്തിൽ പ്രതിരോധം തീർക്കുക. ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ, അവർക്ക് കൃത്യമായ ചികിത്സയും മാനസിക പിന്തുണയും നൽകി സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇന്ന് ലഹരി മാഫിയകൾ ഏറ്റവും കൂടുതൽ വലവീശുന്നത് നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും യുവതലമുറയ്ക്കു നേരെയാണ്. രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളും പരസ്‌പരം കണ്ണും കാതും തുറന്നിരിക്കുകയും, കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സ്നേഹത്തോടെയും ജാഗ്രതയോടെയും നിരീക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഈ മാഫിയകളുടെ വലക്കണ്ണികൾ നമുക്ക് തകർക്കാൻ കഴിയൂ.

ലഹരി ഒരിക്കലും നിങ്ങളുടെ പ്രശ്‌നങ്ങൾക്കോ മാനസിക വിഷമങ്ങൾക്കോ ഉള്ള പരിഹാരമല്ല, മറിച്ച് അത് നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളുടെ കണ്ണീരിനെയും കുടുംബത്തിൻ്റെ തകർച്ചയെയും ആഴത്തിലുള്ള ഇരുട്ടിലേക്ക് തള്ളിവിടുകയേ ഉള്ളൂ. യഥാർത്ഥ സന്തോഷവും ആത്മവിശ്വാസവും കണ്ടെത്തേണ്ടത് കെമിക്കലുകളുടെ കപടലോകത്തിലല്ല, നമ്മുടെ സ്വന്തം കഴിവുകളിലും കഠിനാധ്വാനത്തിലുമാണ്. കായികരംഗത്തും കലാരംഗത്തും പഠനത്തിലും സ്വന്തം കരിയറിലും മികച്ച വിജയം നേടിയെടുക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്‌തിയാണ് ഒരു മനുഷ്യനെ യഥാർത്ഥ ഉയരങ്ങളിലെത്തിക്കുന്നത്.

സൗഹൃദത്തിൻ്റെ ഭാവത്തിലോ പരീക്ഷണ കൗതുകത്തിൻ്റെ രൂപത്തിലോ ആര് വച്ചുനീട്ടിയാലും ആദ്യത്തെ തവണ തന്നെ അത് നിരസിക്കാനുള്ള ആർജ്ജവവും ധൈര്യവും നമ്മൾ കാണിക്കണം. ലഹരിയുടെ സാന്നിധ്യം നമ്മുടെ ചുറ്റുവട്ടങ്ങളിൽ കണ്ടാൽ ഭയപ്പെടാതെ പ്രതികരിക്കാനും അധികൃതരെ അറിയിക്കാനും മടിക്കരുത്.

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ ജൂൺ 26 ‘ഡ്രൈ ഡേ’ ആയി ആചരിക്കാറുണ്ട്. ഇന്ന് സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും അടഞ്ഞുകിടക്കും.

ഓപ്പറേഷൻ തൂഫാൻ: വി.ഡി സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.

Send your news and Advertisements

You may also like

error: Content is protected !!