തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനവും അന്തർസംസ്ഥാന ലഹരിക്കടത്തും തടയുന്നതിനായുള്ള ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofaan) പദ്ധതി ശക്തമാക്കാൻ അയൽ സംസ്ഥാനങ്ങളുടെ സഹകരണം തേടി കേരള മുഖ്യമന്ത്രി വി.ഡി സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ വേരറുക്കാൻ സംയുക്ത പ്രതിരോധം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഇതര സംസ്ഥാനങ്ങൾക്കു കത്തയച്ചിരിക്കുന്നത്.
അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ ഏകോപിതമായ പ്രവർത്തനം വഴി മാത്രമേ ലഹരി മാഫിയകളെ ഫലപ്രദമായി നേരിടാനാകൂ എന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ തൂഫാൻ വഴി നിലവിൽ ഇന്റലിജൻസ് അധിഷ്‌ഠിതമായ നിയമനടപടികൾ ശക്തമാക്കിയിട്ടുണ്ട്. മയക്ക് മരുന്ന് കടത്തുകാരുടെ സാമ്പത്തിക സ്രോതസുകൾ തകർക്കുക, അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി അതിർത്തികൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർഥി ശൃംഖലകൾ, നഗരങ്ങളിലെ വിതരണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കർശന നിരീക്ഷണം ഉറപ്പാക്കും.
അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ കൃത്യമായ തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും ഉറപ്പാക്കാൻ നാല് സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ലഹരി മാഫിയകളുടെ അന്തർസംസ്ഥാന, അന്തർദേശീയ ശൃംഖലകളെ തകർക്കാൻ അതിർത്തികൾ കടന്നുള്ള ഉദ്യോഗസ്ഥതല ഏകോപനം അനിവാര്യമാണ്. നിരവധി പ്രമുഖ കടത്തുകാരെ ഇതിനകം തന്നെ കേരള പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്.
തുടർ നടപടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ, ടാക്ടിക്കൽ കമാൻഡർ പുട്ട വിമലാദിത്യ എന്നിവരടങ്ങുന്ന സംഘം അയൽ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നേരിട്ട് ചർച്ച നടത്താൻ തയാറാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലഹരി വിൽപന ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും; ഈ പരിപാടി നിർത്തണം: മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

