തിരുവനന്തപുരം: ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും ലഹരി വിതരണം ചെയ്യുന്നെന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സോമറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറിക്കാർക്കാണ് ആഭ്യന്തര മന്ത്രി ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് തുടർന്നാൽ ഞങ്ങൾ പിടിക്കും. ആംബുലൻസുകൾ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലൻസുകളും പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. കർശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
“ഓൺലൈനിൽ കൂടി വിളിച്ചു പറഞ്ഞാൽ ഫുഡ് കൊണ്ടുവരുന്നവരുണ്ടല്ലോ. അവരെപ്പറ്റിയും പരാതി ഉയർന്നിട്ടുണ്ട്. എനിക്ക് അവരോട് പറയാനുള്ളത്, ഇത് അവസാന മുന്നറിയിപ്പാണ്. ഈ പരിപാടി അവസാനിപ്പിക്കണം. അവരാണ് ലഹരി പലയിടത്തും കൊണ്ടു കൊടുക്കുന്നതെന്ന് വലിയ പരാതി ഉയർന്നു വരുന്നുണ്ട്. കാരണം അവരെ ആരും ചെക്ക് ചെയ്യാറില്ല. നിങ്ങൾ ഇത് അവസാനിപ്പിക്കണം. വെറുതെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട അവസ്‌ഥ ഉണ്ടാക്കരുത്. ഇതുവരെ ചെയ്‌തതൊക്കെ ചെയ്തു. ഇനി ഇത് അവസാനിപ്പിക്കണം” – രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ കേസുകളിൽ ഒരു ശിപാർശയും കേൾക്കാൻ പാടില്ല എന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് രമേശ് ചെന്നിത്തല കർശന നിർദേശം നൽകി. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നു. നല്ല കാര്യമാണ്. ജനങ്ങൾ ഒന്നടങ്കം തൂഫാൻ വാരിയേഴ്സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരി വ്യാപനത്തിന് തടയിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ക്യാമ്പയിനാണ് ഒപ്പറേഷന്‍ തൂഫാന്‍. തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ഒപ്പറേഷന്‍ തൂഫാന്‍ വഴി ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3300 കടന്നു. 3080 -ലതികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

