മുസാഫറാബാദ്: പാക് അധീന കശ്മീരിലെ (PoK) ആഭ്യന്തര പ്രശ്നങ്ങളും അടിച്ചമർത്തലുകളും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പാക്കിസ്ഥാനിൽ ഖത്തർ ആസ്ഥാനമായുള്ള മാധ്യമ ശൃംഖലയായ അൽ ജസീറയുടെ വെബ്സൈറ്റും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഭരണകൂടം ബ്ലോക്ക് ചെയ്തു. ഔദ്യോഗികമായി പൂർണ്ണമായ നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തുടനീളം അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്സൈറ്റിലേക്കുള്ള ആക്സസ് തടഞ്ഞിരിക്കുകയാണ്.
പാക് അധീന കശ്മീരിലെ (ആസാദ് ജമ്മു കശ്മീർ – AJK) തെരഞ്ഞെടുപ്പ് അട്ടിമറികളും ജനകീയ പ്രതിഷേധങ്ങളും പാക് സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും അൽ ജസീറ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. മുസാഫറാബാദിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതായും തെരുവുകൾ വിജനമായതായും കാണിക്കുന്ന തത്സമയ ദൃശ്യങ്ങൾ അൽ ജസീറ പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ അസ്ഥിരപ്പെടുത്താൻ ബാഹ്യശക്തികളുടെ അജണ്ടയാണ് മാധ്യമം നടപ്പാക്കുന്നതെന്നും പാക് ഭരണകൂടം കുറ്റപ്പെടുത്തി. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് പാക് ഇൻഫർമേഷൻ മന്ത്രാലയം അൽ ജസീറയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ അടിച്ചമർത്തുന്ന പാക് നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
പാക് അധീന കശ്മീരിലെ (PoK) നിലവിലെ അവസ്ഥ അതീവ ഗുരുതരവും അശാന്തവുമായി തുടരുകയാണ്. പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കടുത്ത സാമ്പത്തിക അടിച്ചമർത്തലുകൾക്കും രാഷ്ട്രീയ വിവേചനങ്ങൾക്കും എതിരെ ജനങ്ങൾ നടത്തുന്ന വൻ പ്രക്ഷോഭങ്ങളും അതിനെ നേരിടാൻ സൈന്യം നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകളും കാരണം മേഖല സംഘർഷഭരിതമാണ്.
സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ‘ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ (JKJAAC) യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. ഈ സംഘടനയെ പാക്കിസ്ഥാൻ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചിരിക്കുകയാണ്. റാവൽകോട്ട്, മുസാഫറാബാദ് തുടങ്ങിയ നഗരങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്ത മാർച്ചുകൾക്ക് നേരെ പാക് സുരക്ഷാ സേനയും അർദ്ധസൈനിക വിഭാഗങ്ങളും അസാൾട്ട് റൈഫിളുകളും സ്നൈപ്പർമാരും ഉപയോഗിച്ച് നടത്തിയ വെടിവെപ്പിൽ 100-ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ പുറംലോകം അറിയാതിരിക്കാൻ മേഖലയിൽ ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്. പ്രധാന നഗരങ്ങളെല്ലാം സൈന്യം വളഞ്ഞിരിക്കുകയാണ്. വിദേശ മാധ്യമപ്രവർത്തകർ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് പാക്കിസ്ഥാൻ കർശനമായി തടഞ്ഞിരിക്കുന്നു. ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് ഖത്തർ മാധ്യമമായ അൽ ജസീറയുടെ വെബ്സൈറ്റുകൾ പാക്കിസ്ഥാൻ ബ്ലോക്ക് ചെയ്തത്.
പാക് അധീന കശ്മീരിലെ അടിച്ചമർത്തലിനെതിരെ പാക്കിസ്ഥാന്റെ പ്രധാന നഗരങ്ങളായ ഇസ്ലാമാബാദ്, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലേക്കും പ്രതിഷേധം പടർന്നിട്ടുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ ഇവിടെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യൽ ചാവേർ ആക്രമണം; 14 മരണം

