Thursday, August 6, 2026
Home » തിരുവനന്തപുരം നഗരവും ടെക്‌സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്‌ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കം.
തിരുവനന്തപുരം നഗരവും ടെക്‌സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്‌ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കം.

തിരുവനന്തപുരം നഗരവും ടെക്‌സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്‌ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കം.

by Editor

ടെക്‌സസ്‌: തിരുവനന്തപുരം നഗരവും യു.എസ്. സംസ്ഥാനമായ ടെക്സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര (Sister City) ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി. തിരുവനന്തപുരം മേയർ വി. വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും തമ്മിൽ അമേരിക്കയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

ഹൂസ്റ്റൺ മെട്രോപൊളിറ്റൻ മേഖലയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് മിസോറി സിറ്റി. മികച്ച നഗരാസൂത്രണം, ആധുനിക അടിസ്‌ഥാന സൗകര്യങ്ങൾ, ഗുണമേന്മയുള്ള പൊതുസേവനങ്ങൾ, വൈവിധ്യമാർന്ന ജനസമൂഹം എന്നിവ കൊണ്ട് ശ്രദ്ധേയമായ നഗരമാണിത്. മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമുള്ള മിസോറി സിറ്റി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. മേയർ റോബിൻ ഇലക്കാട്ടിന്റെ നേതൃത്വത്തിൽ നഗരവികസനത്തിനും സമൂഹ പങ്കാളിത്തത്തിനും നൽകിയ പ്രാധാന്യം ചർച്ചയിൽ പ്രതിഫലിച്ചു. ഇരുനഗരങ്ങളുടെയും വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ വിവിധ സഹകരണ സാധ്യതകളാണ് കൂടിക്കാഴ്‌ചയിൽ വിശദമായി വിലയിരുത്തിയത്.

നഗരവികസനം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ പഠിക്കുന്നതിനായി മിസോറി സിറ്റിയിൽ നിന്നുള്ള ഒരുകൂട്ടം ഔദ്യോഗിക പ്രതിനിധികൾ വൈകാതെ തന്നെ തിരുവനന്തപുരം സന്ദർശിക്കും. ആധുനിക നഗരാസൂത്രണ പ്രക്രിയകളും ഡിജിറ്റൽ യുഗത്തിനനുയോജ്യമായ സ്മാർട്ട് സിറ്റി ആശയങ്ങളും ചർച്ച ചെയ്‌തു. മിസോറി സിറ്റിയിലെ അത്യാധുനിക റീസൈക്ലിംഗ്, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ മാതൃകകൾ തിരുവനന്തപുരത്ത് നടപ്പാക്കാൻ ചർച്ചകൾ സഹായിക്കും. ടെക്നോപാർക്ക് ഉൾപ്പെടെയുള്ള ഐടി കേന്ദ്രങ്ങളുള്ള തിരുവനന്തപുരത്തിന് മിസോറി സിറ്റിയുമായുള്ള സാങ്കേതിക സഹകരണം പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ സഹായിക്കും. മിസോറി സിറ്റിയിലെ ആനിമൽ ഷെൽട്ടറുകളുടെ പ്രവർത്തനവും തെരുവ് മൃഗങ്ങളുടെ സംരക്ഷണവും മാനേജ്‌മെന്റും മേയർ നേരിട്ട് വിലയിരുത്തുകയും സമാനമായ മികച്ച മാതൃകകൾ തിരുവനന്തപുരത്ത് നടപ്പിലാക്കാൻ ആലോചിക്കുകയും ചെയ്യുന്നുണ്ട്.

യു.എസ്. സന്ദർശനത്തിനിടെ മേയർ വി. വി. രാജേഷ് ടെക്സസിലെ മറ്റൊരു നഗരമായ സ്റ്റാഫോർഡിന്റെ മേയർ കെൻ മാത്യുവുമായും കൂടിക്കാഴ്ച നടത്തി നഗരഭരണത്തിലെ മികച്ച മാതൃകകൾ ചർച്ച ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരവും അമേരിക്കയിലെ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നഗരവികസനത്തിലെ മികച്ച മാതൃകകൾ പരസ്പ്‌പരം പങ്കുവെക്കുന്നതിനും പുതിയ സഹകരണ അവസരങ്ങൾ കണ്ടെത്തുന്നതിനും ഈ കൂടിക്കാഴ്ചകൾ സഹായകമാകുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!