Monday, June 22, 2026
Home » പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അമ്മ അംഗത്വവും രാജിവച്ച് ശ്വേത മേനോൻ.
ശ്വേത മേനോൻ

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അമ്മ അംഗത്വവും രാജിവച്ച് ശ്വേത മേനോൻ.

by Editor

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ കനത്ത പൊട്ടിത്തെറി. ജനറൽ ബോഡി യോഗത്തിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള മുഴുവൻ ഭരണസമിതി അംഗങ്ങളും ഒന്നിച്ച് രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ അമ്മ സംഘടനയില്‍ നിന്ന് തന്നെ രാജിവെക്കുന്നുവെന്നും അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നും ശ്വേത മേനോന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി നടി ലക്ഷ്മി പ്രിയയും പ്രതികരിച്ചു. ശ്വേതാ മേനോന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഭരണ സമിതി സ്ഥാനം രാജിവെച്ചതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യു പറഞ്ഞു.

ഞാനും എന്റെ കമ്മിറ്റിയും രാജി വച്ചിട്ടുണ്ട്. കുറ്റാരോപിതരായ ആള്‍ക്കാരിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ട ആയിരുന്നു. അജണ്ട വച്ച് ഞങ്ങളെ പുറത്താക്കാന്‍ നോക്കി. എനിക്കൊരു വ്യക്തിത്വമുണ്ട്. എനിക്ക് പറയാനുള്ള കാര്യം ഞാന്‍ തുറന്ന് പറയും. സംഘടനയിലെ പാവയായി ഇരിക്കാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്വേത പടിയിറങ്ങിയത്. രാജിവെച്ച് പുറത്തിറങ്ങിയ ശേഷം വികാരാധീനയായാണ് ശ്വേതാ മേനോൻ മാധ്യമങ്ങളോട് സംസാരിച്ചത്.

ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഒരു ഒളിച്ചോടിയ ആളായിരുന്നു. മെയ് ഒന്നാം തീയതിയോടെ പുള്ളി ഓടിയൊളിച്ചു. ‘അമ്മ’യിലെ സ്‌റ്റാഫിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലേബർ ഡിപ്പാർട്ട്മെന്റിലും പോലീസിലും പരാതി പോയപ്പോൾ, കമ്മിറ്റിയോട് ഒരു വാക്കുപോലും പറയാതെ, ഒരു മെയിൽ പോലും അയക്കാതെ മൂപ്പർ മുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ കൃത്യമായി കണക്കുകൾ ചെയ്യാൻ ഞങ്ങൾക്ക് പറ്റിയില്ല. എങ്കിലും സെപ്റ്റംബർ ഒന്നാം തീയതി തൊട്ടുള്ള ഞങ്ങളുടെ കമ്മിറ്റിയുടെ കണക്കുകളെല്ലാം കൃത്യമാണ്. ഇതിന് മുൻപ് ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായിരുന്നു. സംഘടനയുടെ നാണക്കേട് ഓർത്ത് മാത്രമാണ് ഇതുവരെ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്. ഇന്ന് എനിക്ക് വലിയൊരു ആശ്വാസമുണ്ട്. കാരണം ഇന്ന് മുതൽ ഞാൻ ‘അമ്മ’യിലെ അംഗമല്ല. അംഗമല്ലാത്തതുകൊണ്ട് തന്നെ എനിക്ക് എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ തികഞ്ഞ ഗൂഢാലോചനയാണ് നടന്നത്. ‘അമ്മ’യിൽ വെറുമൊരു പാവയായി ഇരുന്നില്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതിന് എന്നെ കിട്ടില്ല. ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് വ്യക്‌തമാക്കാം.” ശ്വേത പറഞ്ഞു.

തർക്കങ്ങൾക്കു പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചു.

Send your news and Advertisements

You may also like

error: Content is protected !!