തിരുവനന്തപുരം: കേരളത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ലഹരിക്കെതിരെയുള്ള ശക്തമായ നടപടികൾ ആണ് കേരള പൊലീസ് നടത്തുന്നത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡിൽ ഇന്നലെ 233 പേർ കൂടി അറസ്റ്റിലായി. വിവിധ മയക്കുമരുന്നുകൾ കൈവശംവെച്ചതിന് 215 കേസുകളും രജിസ്റ്റർചെയ്തു. 45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇതുവരെ 1442 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്‌തത്. 1559 പേർ ഇതുവരെ അറസ്റ്റിലായി. 1.13 കിലോഗ്രാം എംഡിഎംഎയും 111.58 കിലോഗ്രാം കഞ്ചാവും 931 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരങ്ങൾ പോലീസിനെ നേരിട്ടും വാട്സാപ്പ് മുഖേനയും അറിയിക്കാം. നേരിട്ട് വിവരങ്ങളറിയിക്കാനുള്ള നമ്പർ 9497979794, 9497927797. വാട്സ്ആപ്പ് നമ്പർ -9995966666. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
കേരളത്തിലെ ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ സമഗ്ര പദ്ധതിയാണ് “ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്”. സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ്‌സ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ അതിവേഗ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാലയ പരിസരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലഹരിസംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കോഴിക്കോട്, പെരുമ്പാവൂർ, വയനാട് തുടങ്ങിയ മേഖലകളിൽ നിന്ന് എം.ഡി.എം.എ (MDMA), നിരോധിത പാൻ മസാലകൾ തുടങ്ങിയ ലഹരിവസ്തുക്കൾ വലിയ അളവിൽ പിടിച്ചെടുത്തിട്ടുണ്ട്.

