മെൽബൺ: ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ വർഷത്തെ മെഡൽ ഓഫ് ദ് ഓർഡർ ഓഫ് ഓസ്ട്രേലിയ (ഒഎഎം) ബഹുമതി ലഭിച്ചതിൽ മലയാളിയും. മെൽബൺ മലയാളിയായ സി.ഒ. തോമസാണ് ഓസ്ട്രേലിയയിലെ ഉയർന്ന ബഹുമതി നേടിയത്. 50 വർഷത്തോളം വിക്ടോറിയയിലെ ഇന്ത്യക്കാർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചു ഗവർണർ ജനറലാണു ബഹുമതി സമ്മാനിച്ചത്. പുരസ്കാരം ലഭിച്ചതോടെ പേരിനൊപ്പം ഒഎഎം എന്ന വിശേഷണവും ചേർക്കാനാകും.
മുട്ടാറിലെ ചെത്തികാട് കുടുംബാംഗമായ തോമസ് 1969-ൽ ആണ് ഓസ്ട്രേലിയയിലേക്കു കുയേറിയത്. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ സ്ഥാപകരിൽ ഒരാളാണ്. ഓസ്ട്രേലിയ ഇന്ത്യ സൊസൈറ്റി ഓഫ് വിക്ടോറിയ, പ്രിമിയർ ഇന്ത്യൻ കമ്യൂണിറ്റി ഓർഗ നൈസേഷൻ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു.
ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റബിൾ ട്രസ്‌റ്റ് സ്‌ഥാപക ചെയർമാനാണ്. ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചുമായി ബന്ധപ്പെട്ടും സജീവ പ്രവർത്തകനായിരുന്നു. 2002 വരെ സ്വകാര്യ മേഖല യിലെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചു. തോമസിനെ ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അനുമോദിച്ചു. മാരാമൺ വടക്കേപറമ്പിൽ കുടുംബാംഗമായ അന്നാമ്മയാണു ഭാര്യ. മക്കൾ: ടിം, ടിന.

