Thursday, June 4, 2026
Home » മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ “ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്”; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു.
മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ "ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്"; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു.

മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ “ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്”; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു.

by Editor

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കേരള ആഭ്യന്തര വകുപ്പും പോലീസും ചേര്‍ന്ന് ആവിഷ്‌കരിച്ച സംസ്ഥാനവ്യാപക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്‘ (Operation Toofan: The Narco Hunt) ദൗത്യത്തിന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ നിർവ്വഹിച്ചു. മന്ത്രിമാരായ ശ്രീ. എൻ. ഷംസുദ്ദീൻ, ശ്രീ. എം. ലിജു, ശ്രീ. സി.പി. ജോൺ, ഡോ. ശശി തരൂർ എം.പി, ഡി.ജി.പി റവാഡ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.

മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലുള്ല സംസ്ഥാനമായി കേരളം മാറിയത് ദൗർഭാഗ്യകരമാണ്. നാടിന്റെ യുവത്വത്തെ മയക്കിക്കിടത്താനാണ് മാഫിയ ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പും സർക്കാറും മാത്രമല്ല, അദ്ധ്യപകരും രക്ഷകർത്താക്കളുമടക്കം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്ന ദൗത്യമാണ് നടപ്പാക്കുന്നത്. വിട്ടുവീഴ്ചയില്ലാതെ വലിയ ദൗത്യമായി പൊലീസും എക്സൈസും ഇതിനെ മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ഈ വൻകിട പദ്ധതിക്ക് രൂപം നൽകിയത്. വിദ്യാർത്ഥികളെ മുൻനിർത്തിയുള്ള ‘തൂഫാൻ വാരിയേഴ്സ്’ പ്രതിരോധവും, ആരോഗ്യവകുപ്പുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുന്ന ‘തൂഫാൻ കെയറും’, പോലീസും എക്സൈസും ഒന്നിക്കുന്ന ‘തൂഫാൻ സ്ട്രൈക്ക്’ എൻഫോഴ്സ്മെന്റ് ദൗത്യവുമാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായ ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിർവഹിക്കും.

സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകൾക്ക് നിയമത്തിന്റെ കർക്കശമായ മുന്നറിയിപ്പ് നൽകുന്നതിനൊപ്പം, സാധാരണക്കാർക്ക് പൂർണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കും.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി കൈമാറാൻ ആപ്പുകളും വാട്‌സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കും. ക്യാമ്പസുകളിലെയും റസിഡൻഷ്യൽ മേഖലകളിലെയും മലിനജല പരിശോധന വഴി ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തി ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്താനും പദ്ധതിയുണ്ട്. കൂടാതെ, സ്‌കൂൾ തലത്തിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും ലഹരി മാഫിയയിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.

കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ കണ്ടെത്താനുള്ള നടപടികൾ ഓപ്പറേഷൻ തൂഫാനിലൂടെ സ്വീകരിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, ഉറവിടങ്ങൾ, പ്രചാരകർ എല്ലാം കർശന നിരീക്ഷണത്തിലാക്കും. അന്തർസംസ്ഥാന ലഹരി മാഫിയകൾ ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും. കെമിക്കൽ, സിന്തറ്റിക് നാർക്കോട്ടിക്‌സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്‌കൂൾ പരിസരങ്ങളിലെ പുകയില വിൽപനയ്ക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡി.ജെ. പാർട്ടികൾ എന്നിവിടങ്ങളിലെ ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൽ പൊലീസിന് വിവരം നൽകുന്നവർക്ക് സംരക്ഷണം നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിസംഘങ്ങളെക്കുറിച്ച് വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. പൊലീസുകാർ വീഴ്ചവരുത്തിയാൽ കർശന നടപടിയെടുക്കും. ഇന്റലിജൻസ് ഐജി വിമലാദിത്യ ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്റെ നോഡൽ ഓഫീസറായിരിക്കും.

ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു.

Send your news and Advertisements

You may also like

error: Content is protected !!