Saturday, July 11, 2026
Home » ‘കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല’; വികാരാധീനനായി മോഹൻലാൽ
'കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല'; വികാരാധീനനായി മോഹൻലാൽ

‘കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല’; വികാരാധീനനായി മോഹൻലാൽ

by Editor

‘കിരീടം’ 4K പ്രിവ്യൂ ഷോയിൽ വികാരാധീനനായി നടൻ മോഹൻലാൽ. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ആരാധകരോട് സംസാരിക്കവെയാണ് മോഹൻലാൽ വികാരാധീനനായത്. ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ പലരും ഇന്ന് കൂടെയില്ലെന്ന് പറഞ്ഞപ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലിന് മോഹൻലാൽ നന്ദി പറഞ്ഞു. ‘എന്റെ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണ്. 48 വർഷത്തെ സിനിമാ അഭിനയത്തിൽ എടുത്തുപറയാവുന്ന സിനിമകളിൽ ഒന്നാണ് കിരീടം. ആദ്യമായി ദേശീയ പുരസ്‌കാരം കിട്ടിയ സിനിമ. സിബിക്ക് നന്ദി. എന്റെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും സിബിയുടെ സിനിമയിലായിരുന്നു‘, മോഹൻലാൽ ഓർമിച്ചു.

‘ഒരുപാട് പ്രത്യേകതകളുണ്ട്. ഒരേസമയം സന്തോഷവും സങ്കടവുമാണ്. കൂടെയുണ്ടായിരുന്ന ഒരുപാട് പേരെ സ്‌ക്രീനിൽ കാണുമ്പോൾ പെട്ടെന്ന് 37 വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു. ഒരുപാട് പേർ നമ്മളെ വിട്ടുപോയി. ഇങ്ങനെയൊരു സിനിമയെടുക്കാൻ ഇങ്ങനെയുള്ള ആളുകളൊന്നും നമ്മുടെ കൂടെയില്ലല്ലോ എന്ന് ഞാൻ സിബിയോട് ചോദിച്ചു. അതിന്റെ സങ്കടമുണ്ട്’, അദ്ദേഹം പറഞ്ഞു.

‘വളരെ വൈകാരികമായൊരു സിനിമയാണത്. 37 വർഷങ്ങൾക്ക് മുമ്പുള്ള സൗകര്യങ്ങൾവെച്ചു ചെയ്തതാണ്. ഇന്ന് ആ സിനിമ ചെയ്തിരുന്നെങ്കിൽ വളരെ വ്യത്യസ്തമായിരിക്കും. അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു സിനിമ എടുത്തു എന്ന് പറയുന്നത് വലിയ കാര്യമാണ്. കിരീടം കാണുമ്പോൾ കുറച്ചധികം ഇമോഷണൽ ആവും. ചില സിനിമകൾക്കുമാത്രം സംഭവിക്കുന്ന കാര്യമാണ്, ചില സിനിമകൾക്ക് എന്നല്ല ഈ സിനിമയ്ക്കാവും കൂടുതൽ. പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഓർക്കുന്നു, നന്ദി‘, മോഹൻലാൽ കൂട്ടിച്ചേർത്തു.

1989-ൽ പുറത്തിറങ്ങിയ ‘കിരീടം‘ റീ- റിലീസിന് ഒരുങ്ങുകയാണ്. 37 വർഷങ്ങൾക്കുശേഷം വെള്ളിയാഴ്ച വീണ്ടും തിയേറ്ററിലെത്തും. ഡോൾബി അറ്റ്‌മോസിൽ 4K ദൃശ്യമികവിലാണ് റീ- റിലീസ്. മലയാള സിനിമാ ചരിത്രത്തിൽ ഇടംനേടിയ ചിത്രമാണ് ലോഹിതദാസ് – സിബി മലയിൽ ടീമിന്റെ കിരീടം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവൻ മാറി.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്.

തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത എന്നീ മൺമറഞ്ഞ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തു. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്. എൽ. ഭൂമിനാഥൻ ആണ് ചിത്രസംയോജകൻ. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് ജോൺസൺ.

മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: NFDC- NFAI, 4K റീമാസ്റ്ററിങ്: പ്രസാദ് കോർപ്പ്, ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ് & ഡിസ്ട്രിബ്യൂഷൻ: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരൻ, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!