മെൽബൺ: 2016 ജൂലൈ 10-ന് മലയാളികളുടെ പ്രിയ സാഹിത്യകാരൻ ശ്രീ ബെന്യാമിനാണ് മെൽബണിൽ വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചത്. കേവലമൊരു ലൈബ്രറി എന്നതിലുപരി കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിലും നാടകമേഖലകളിലും ഓസ്ട്രേലിയയിൽ മലയാളം പരിപോഷിപ്പിക്കുന്നതിനും കൂട്ടായ പരിശ്രമങ്ങളാണ് കഴിഞ്ഞ പത്തുവർഷമായി വിപഞ്ചിക നടത്തി കൊണ്ടിരിക്കുന്നത്.
പ്രശസ്ത ചലച്ചിത്ര താരം ബാബുനമ്പൂതിരി പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ, തിയ്യറ്റർ ആക്റ്റിവിസ്റ്റ് കെ.വി. ഗണേഷ്, ചലച്ചിത്ര താരം സുനിൽ സുഖദ, ഡോ. ഭാനുമതി ടീച്ചർ (AHMA) എന്നിവർ വിപഞ്ചികയുടെ കേരളപ്പിറവി ദിനാഘോഷ പരിപാടികളിലെ അതിഥികളായിട്ടുണ്ട്. 2019-ൽ ആരംഭിച്ച വിപഞ്ചിക വിസ്മയം എന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എല്ലാ മാസങ്ങളിലും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തുകയും കോവിഡ് കാലഘട്ടം ആരംഭിച്ചപ്പോൾ പരിപൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്യേണ്ടിവന്നിരുന്നു.
2021-ൽ സാമൂഹിക പ്രസക്‌തിയേറെയുള്ള ജയ് ഭീം എന്ന തമിഴ് ചലച്ചിത്രത്തിൻ്റെ ആസ്വാദന ചർച്ച കണ്ടതും പറയാനുള്ളതും എന്ന പേരിൽ സംഘടിപ്പിക്കുകയും സിനിമയുടെ ട്രെയിനറും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അസി. പ്രൊഫസർ ശ്രീ. ജിജോയ് പി ആറിനെ (ഡയറക്ടർ ഓഫ് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കേരള) പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. കോവിഡ് കാലത്ത് തൃശൂർ രംഗചേതന AHMA തൃശൂർ എന്നിവയുടെ പ്രവർത്തനങ്ങളിൽ ഓസ്ട്രേലിയൻ മലയാളികളുടെ പങ്കാളിത്തം വിപഞ്ചികയ്ക്ക് സാധിച്ചു.
പ്രശസ്ത ബാലസാഹിത്യകാരൻ സി ആർ ദാസ് വിപഞ്ചികയുടെ ക്ഷണം സ്വീകരിച്ച് ഓസ്ട്രേലിയയിൽ എത്തുകയും ലോകമെമ്പാടുമുള്ള കുട്ടികളെ പറ്റി പഠിക്കാനുള്ള അദ്ദേഹത്തിൻ്റെ യാത്രയ്ക്ക് ഓസ്ട്രേലിയൻ അബോർജിനൽ വാക്കായ യാവ എന്ന പേര് നൽകി സാഹിത്യ സംഗമം സംഘടിപ്പിച്ചു. ആയതിൻ്റെ അടിസ്ഥാനത്തിൽ ശ്രീ സി ആർ ദാസ് കങ്കാരു കേരളത്തിലേക്ക്, യാവ 2023, ഓസ്ട്രേലിയൻ ആദിമ മനുഷ്യർ എന്നിങ്ങനെ മൂന്നു പുസ്തകങ്ങൾ രചിക്കുകയും അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ രാജൻ പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും ചെയ്തു. 2022 മുതൽ ഓസ്ട്രേലിയൻ മലയാളി എഴുത്താളുകളെ പരിചയപ്പെടുത്തി കൊണ്ട് തുറന്ന പുസ്തകം എന്ന പേരിൽ സംഘടിപ്പിച്ചു വരുന്നു.
2023- മുതൽ ‘മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ’ എന്ന സംഘടനയുമായി സഹകരിച്ച് മെൻ്റൽ ഹെൽത്ത്, Ortho, General medicine, womens First എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഹെൽത്ത് സെമിനാറുകളും നടത്തിവരുന്നുണ്ട്. വിക്ടോറിയയിൽ VCE VET പരീക്ഷയിൽ മികവ് പുലർത്തിയ കുട്ടികളെ അനുമോദിക്കുകയും അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരെ ആദരിക്കുകയും വിപഞ്ചിക ചെയ്തുവരുന്നു.
2024 ആദ്യത്തെ ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവം AMLF എന്ന പേരിൽ സംഘടിപ്പിക്കുകയും അതിനോടനുബന്ധിച്ച് പ്രശസ്ത ഗാന രചിയതാവ് പി ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു. 2025-ൽ എം.ടി. സ്മൃതി എന്ന പേരിൽ AMLF പ്രശസ്ത സാഹിത്യകാരൻ രമേശ് വി കെ കെ പങ്കു ചേർന്നു AMLF 2025-ൻ്റെ ഭാഗമായി സാഹിത്യവാരഫലം കൃഷ്ണൻ നായർ അനുസ്മരണവും പ്രഭാഷണവും, വി. കെ. എൻ ചിരിയും ചിന്തകളും, വയലാർ അനുസ്മരണം, തുറന്ന പുസ്തകം പുസ്തക പ്രകാശനങ്ങൾ ചൊല്ലരങ്ങ് എന്നീ പരിപാടികൾക്കൊപ്പം ഓസ്ട്രേലിയയിൽ ആദ്യമായി ഒരു മലയാള റേഡിയോ നാടകാവതരണവും നടന്നു.
LNV (ലോക നാടക വാർത്തകൾ), തൃശൂർ നാടകസംഘം, രംഗചേതന തൃശൂർ, റിമെമ്പറൻസ് തിയ്യറ്റർ ഗ്രൂപ്പ് വല്ലച്ചിറ, കനിഷ്കനാടകോത്സവം, ലിറ്റിൽ എർത്ത് തിയ്യറ്റർ മലപ്പുറം, സമത ഓസ്ട്രേലിയ, കെപ്റ്റ മെൽബൺ KEPTA Melbourne എന്നീ സംഘടനകളും നാടകസംഘങ്ങളുമായി വിപഞ്ചിക നാടക പ്രവർത്തനങ്ങളിൽ കൈകോർത്തിട്ടുണ്ട്. Solo Live, നമ്മൾമെൽബൺ, The Logic Beats, മലയാളി പത്രം എന്നിവർ സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപ്പാടികളുടെ കമ്മ്യൂണിറ്റി പാർട്ണർ ആയും വിപഞ്ചിക സാന്നിധ്യമറിയിച്ചു വരുന്നു. AHMAയിലേക്കും പ്രളയ കാലത്ത് പുസ്തക ചന്ത നടത്തി മുഴുവൻ സംഖ്യയും കേരളത്തിൻ്റെ CMDRF ലേക്ക് കൈമാറിയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിച്ചും സാമൂഹിക പ്രതിബദ്ധതയോടെ വിപഞ്ചിക മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു.
ഈ 10 വർഷ കാലയളവിൽ ഇത് മഹത്തരമായ നേട്ടങ്ങളാണ് എന്നൊന്നും അവകാശപ്പെടുന്നില്ല തിരിക്കു പിടിച്ച ഓസ്ട്രേലിയൻ ജീവിതത്തിൽ മിച്ചം ലഭിക്കുന്ന സമയങ്ങളിൽ നിന്ന് യാതൊരു ലാഭവും പ്രതീക്ഷിക്കാതെ മുന്നോട്ട് പോകുവാൻ സാധിച്ചുവെന്നത് സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുന്നു, കാരണം പരിഹാസങ്ങൾക്കും പഴിപറച്ചിലുകൾക്കുമപ്പുറത്ത് സ്നേഹത്തോടെ ചേർത്തുപിടിച്ചവരും പ്രോത്സാഹിപ്പിച്ചവരും പിന്തുണച്ചവരും നിങ്ങളാണ്.
ഒരു ദശാബ്ദക്കാലം പിന്നിട്ട വിപഞ്ചികയുടെ നാൾ വഴികൾ ഈ വരുന്ന ജൂലൈ 11-ന് ദശകം എന്ന പേരിൽ മെൽബൺ ബോക്സ് ഹിൽ ടൗൺ ഹാളിൽ വെച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. വിപഞ്ചിക മെൽബൺ 2016 -ൽ ഉദ്ഘാടനം ചെയ്ത പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ തന്നെയാണ് ദശകം -2026-ൻ്റെ വിളംബര പ്രഖ്യാപനം നടത്തിയത് മലയാളി പത്രത്തിൻ്റെ 15-ാം വാർഷികാഘോഷമായ അക്ഷരോത്സവത്തിൻ്റെ വേദിയിൽ പ്രശസ്ത എഴുത്താളുകളായ ദീപനിശാന്ത്, VKK രമേഷ് ചലച്ചിത്ര താരം സജിത മഠത്തിൽ മലയാളി പത്രംചീഫ് എഡിറ്റർ ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട്, കേരള നാദം ചീഫ് എഡിറ്റർ ജേക്കബ് തോമസ് കെപ്റ്റ മെൽബണിൻ്റെ നാടക പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദശകം 2026 ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചത് പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനും കൂടിയായ വി കെ ശ്രീരാമനാണ്. ദശകത്തിൻ്റെ ലോഗോ മലയാള കാലിഗ്രാഫിയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ശ്രീ നാരായണ ഭട്ടതിരിയാണ് വിഭാവനം ചെയ്തത്.
ദശകം 2026 ലേക്കും വിപഞ്ചിക യുടെ തുടർന്നുള്ള യാത്രകളിലേക്കും ഏവരേയും ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഇവിടെ ഞങ്ങളും നിങ്ങളുമില്ല നമ്മളാണ്. നമ്മൾ മാത്രം
– ടീം വിപഞ്ചിക ഗ്രന്ഥശാല മെൽബൺ

