പെർത്ത്: പെർത്ത് സെൻ്റ് ജോസഫ് സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭയുടെ ചരിത്രവും പാരമ്പര്യവും വിശ്വാസ പൈതൃകവും പരിചയപ്പെടുത്തുന്ന സീറോ മലബാർ കൾച്ചറൽ ഹെറിറ്റേജ് എക്സിബിഷൻ ജൂലൈ 24 മുതൽ 26 വരെ നടക്കും. ഓസ്ട്രേലിയയിലെ പുതുതലമുറയ്ക്ക് സഭയുടെ സമ്പന്നമായ പാരമ്പര്യവും സംസ്ക്‌കാരവും അടുത്തറിയാൻ അവസരമൊരുക്കുക എന്നതാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ജൂലൈ 24 ന് വൈകുന്നേരം 4.30 ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. സമുദായ ശാക്തീകരണ വർഷത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിലും ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശുദ്ധ തോമാസ്ലീഹായിൽ നിന്നാരംഭിക്കുന്ന സഭയുടെ അപ്പസ്തോലിക പാരമ്പര്യം മുതൽ ഇന്നുവരെയുള്ള വിശ്വാസയാത്രയാണ് പ്രദർശനത്തിൻ്റെ കേന്ദ്രവിഷയം. ചരിത്രരേഖകൾ, പുരാവസ്‌തുക്കൾ, വിശുദ്ധരുടെ തിരുശേഷിപ്പുകൾ, ചിത്രങ്ങൾ, ഫോട്ടോ പ്രദർശനങ്ങൾ, ആരാധനാക്രമവുമായി ബന്ധപ്പെട്ട വസ്‌തുക്കൾ എന്നിവയിലൂടെ സഭയുടെ സമ്പന്നമായ പൈതൃകം സന്ദർശകർക്ക് പരിചയപ്പെടുത്തും.
സഭയുടെ ചരിത്രവും പാരമ്പര്യവും സമഗ്രമായി അവതരിപ്പിക്കുന്ന ഈ പ്രദർശനം ഏഴ് പ്രധാന പ്രമേയങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. തോമാസ്ലീഹായിൽ നിന്നാരംഭിക്കുന്ന സഭയുടെ അപ്പസ്തോലിക പാരമ്പര്യം, എഡി 52 മുതൽ സഭ കടന്നുപോയ ചരിത്രനാഴികക്കല്ലുകൾ, ആരാധനാക്രമത്തിൻ്റെ രൂപീകരണവും വിശ്വാസ പാരമ്പര്യവും, ക്രിസ്‌തീയ സംസ്‌കാരവും കലാരൂപങ്ങളും, കേരളത്തിൻ്റെ ആധുനിക ഉന്നമനത്തിന് ക്രിസ്തീയ സഭ നൽകിയ സംഭാവനകൾ, സഭയിലെ വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങൾ, കൂടാതെ ഓസ്ട്രേലിയയിലെ സീറോ മലബാർ സഭയുടെ ചരിത്രവികാസം എന്നിവയാണ് പ്രദർശനത്തിലെ പ്രധാന വിഷയങ്ങൾ.
ഓസ്ട്രേലിയയിലെ സീറോ മലബാർ സമൂഹത്തിൻ്റെ കുടിയേറ്റ ചരിത്രവും സഭയുടെ വളർച്ചയും പ്രത്യേകം അവതരിപ്പിക്കുന്ന വിഭാഗവും പ്രദർശനത്തിലുണ്ടാകും. ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഇവാഞ്ചലൈസേഷൻ മിനിസ്ട്രി, സീറോ മലബാർ യങ് കപ്പിൾസ് മിനിസ്ട്രി, എസ്.എം.വൈ.എം, ജീസസ് യൂത്ത്, കാത്തലിക് കോൺഗ്രസ്, നേഴ്സസ് മിനിസ്ട്രി, മാതൃവേദി തുടങ്ങിയ സംഘടനകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും സന്ദർശകർക്ക് അടുത്തറിയാൻ കഴിയും.
പ്രദർശന ദിവസങ്ങളിൽ പരമ്പരാഗത നസ്രാണി ഭക്ഷണവിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും. കുട്ടികൾക്കായി ഫോട്ടോ ബൂത്ത്, ഗെയിമുകൾ തുടങ്ങിയ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മാർഗംകളി ഉൾപ്പെടെയുള്ള പാരമ്പര്യ കലാരൂപങ്ങളും വിവിധ നൃത്തപരിപാടികളും എക്സിബിഷൻ വേദിയിൽ അരങ്ങേറും. ജൂലൈ 24 ന് വൈകുന്നേരം 4.30 മുതൽ 6. 00 വരെയും 25 ന് രാവിലെ 10. 30 മുതൽ വൈകുന്നേരം 4. 30 വരെയും, 26-ന് രാവിലെ 10. 30 മുതൽ 4. 00 വരെയുമാണ് പ്രദർശന സമയം.
മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ, വികാരി ഫാദർ അജിത് ചെര്യേക്കര, അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ വേലമ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയാണ് ഈ പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. സമുദായ ശാക്തീകരണ വർഷത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസിന്റെറെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

