ന്യൂഡൽഹി: മിലിട്ടറി നഴ്‌സിങ് സർവീസിന്റെ (MNS) പുതിയ അഡീഷണൽ ഡയറക്‌ടർ ജനറലായി (ADG) പത്തനംതിട്ട സ്വദേശിയായ മേജർ ജനറൽ റേച്ചൽ തോമസ് 2026 ജൂൺ 1-ന് ചുമതലയേറ്റു. നാല് പതിറ്റാണ്ടുകാലത്തെ സേവനത്തിന് ശേഷം മെയ് 31-ന് വിരമിച്ച, മറ്റൊരു മലയാളിയായ മേജർ ജനറൽ ലിസ്സമ്മ പി.വി.ക്ക് പകരക്കാരിയായാണ് റേച്ചൽ തോമസ് ഈ പദവിയിലെത്തിയത്.
പുനെയിലെ പ്രശസ്‌തമായ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളജിലെ കോളജ് ഓഫ് നഴ്‌സിങ് പൂർവ വിദ്യാർത്ഥിയായ റേച്ചൽ തോമസ് 1988 ജൂൺ ഒന്നിനാണ് മിലിട്ടറി നഴ്‌സിങ് സർവീസിൽ കമ്മീഷൻ ചെയ്യുന്നത്. തുടർന്ന് 38 വർഷത്തോളം നീണ്ട തൻ്റെ ഔദ്യോഗിക ജീവിതത്തിൽ സായുധ സേനാ മെഡിക്കൽ സർവീസിന് കീഴിലുള്ള വിവിധ പ്രമുഖ മിലിട്ടറി ആശുപത്രികളിൽ നിർണായകമായ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പദവികൾ കൈകാര്യം ചെയ്തു.
രാജ്യത്തെ പ്രമുഖ സൈനിക ആശുപത്രികൾക്ക് പുറമെ, സുരക്ഷാപരമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ നോർത്തേൺ, ഈസ്റ്റേൺ കമാൻഡുകൾക്ക് കീഴിലുള്ള അതിർത്തി മേഖലകളിലും അവർ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുർഘടമായ ഭൂ പ്രകൃതിയിലും കഠിനമായ സാഹചര്യങ്ങളിലും രോഗീപരിചരണം ഉറപ്പാക്കുന്നതിലും നഴ്‌സിങ് അഡ്‌മിനിസ്ട്രേഷൻ, ഹെൽത്ത് കെയർ മാനേജ്‌മെൻ്റ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും അവർ പ്രശംസനീയമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
യുദ്ധകാലത്തും സമാധാനാന്തരീക്ഷത്തിലും ഇന്ത്യൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച നഴ്‌സിങ് പരിചരണവും വൈദ്യ സഹായവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സായുധ സേനയുടെ സുപ്രധാന വിഭാഗമായ മിലിട്ടറി നഴ്‌സിങ് സർവീസ് നിർണായക പങ്കാണ് വഹിക്കുന്നത്. സജി സാം ആണ് മേജർ ജനറൽ റേച്ചൽ തോമസിൻ്റെ ഭർത്താവ്. രാജ്യത്തെ സൈനിക നഴ്സിങ് രംഗത്തെ ഏറ്റവും ഉയർന്ന പദവിയിലേക്ക് മറ്റൊരു മലയാളി കൂടി എത്തിയത് കേരളത്തിനും അഭിമാന നിമിഷമായി മാറി.

