ന്യൂ ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിവേഗ പ്രഹരശേഷിയുള്ള ‘രുദ്രം-II’ (RudraM-II) മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF) സംയുക്തമായാണ് ഒഡീഷ തീരത്ത് ഈ പരീക്ഷണം നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ (Su-30MKI) യുദ്ധവിമാനത്തിൽ നിന്നാണ് ഈ എയർ-ടു-സർഫേസ് (ആകാശത്തുനിന്ന് കരയിലേക്ക് തൊടുക്കാവുന്ന) മിസൈൽ വിക്ഷേപിച്ചത്.
അതിവേഗത്തിലുള്ളതും സങ്കീർണ്ണവുമായ സാഹചര്യങ്ങളിലാണ് മിസൈൽ വിക്ഷേപിച്ചതെന്നും, കൃത്യമായ പാതയിലൂടെ സഞ്ചരിച്ച് മിസൈലിലെ എല്ലാ സബ്‌സിസ്റ്റങ്ങളും അതിന്റെ മികച്ച ശേഷി തെളിയിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിക്ഷേപിച്ചതിന് ശേഷം മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തേക്ക് അതീവ കൃത്യതയോടെയാണ് (Pin-point accuracy) മിസൈൽ പതിച്ചത്. ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) സജ്ജീകരിച്ചിരുന്ന നിരീക്ഷണ സംവിധാനങ്ങൾ പരീക്ഷണത്തിൻ്റെ എല്ലാ ലക്ഷ്യങ്ങളും പൂർണ്ണമായി കൈവരിച്ചതായി സ്ഥിരീകരിച്ചു.
ശബ്ദത്തേക്കാൾ 5.5 മടങ്ങ് വേഗതയിൽ (Mach 5.5) സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈലിന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാനാകും. 200 കിലോഗ്രാം ഭാരമുള്ള യുദ്ധമുനയാണ് (Warhead) ഇത് വഹിക്കുന്നത്. വ്യോമസേനയുടെ മുൻനിര പോർവിമാനമായ സുഖോയ്-30 എം.കെ.ഐ (Su-30MKI) പോലുള്ള വിമാനങ്ങളിൽ നിന്ന് 3 കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ വെച്ച് ഇത് പ്രയോഗിക്കാൻ സാധിക്കും. നിലവിൽ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന, റഷ്യൻ നിർമ്മിത ‘Kh-31’ ആന്റി-റേഡിയേഷൻ മിസൈലുകൾക്ക് പകരമായി രുദ്രം-II ഘട്ടഘട്ടമായി സേനയുടെ ഭാഗമാകും. ഇത് വ്യോമസേനയുടെ ആക്രമണശേഷി പലമടങ്ങ് വർദ്ധിപ്പിക്കും.
ശത്രുക്കളുടെ റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആൻ്റി-റേഡിയേഷൻ മിസൈൽ. ഇതിനായി ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം (INS), ജി.പി.എസ്, ഒപ്പം ശത്രുക്കളുടെ റേഡിയോ-ഫ്രീക്വൻസി തരംഗങ്ങളെ തിരിച്ചറിഞ്ഞ് പിന്തുടരുന്ന അത്യാധുനിക പാസീവ് ഹോമിങ് സീക്കർ സാങ്കേതികവിദ്യയും ഈ മിസൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൈദരാബാദിലെ റിസർച്ച് സെൻ്റർ ഇമ്രാത്ത് (RCI) എന്ന പ്രധാന ഡി.ആർ.ഡി.ഒ ലാബോറട്ടറിയുടെ നേതൃത്വത്തിൽ മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്നാണ് രുദ്രം-|| രൂപകൽപ്പന ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) ഉൾപ്പെടെയുള്ള പ്രതിരോധ-വ്യവസായ പങ്കാളികളും ഈ പദ്ധതിയിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ വലിയ വിജയത്തിൽ ഡി.ആർ.ഡി.ഒ, വ്യോമസേന, മറ്റ് കൺസോർഷ്യം പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഡി.ആർ.ഡി.ഓ ചെയർമാൻ സമീർ വി. കാമത്തും അഭിനന്ദിച്ചു. അത്യാധുനിക ആയുധ സംവിധാനങ്ങളിൽ ഇന്ത്യ കൈവരിക്കുന്ന സാങ്കേതിക വളർച്ചയുടെ തെളിവാണ് ഈ പരീക്ഷണമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരത്) കൈവരിക്കുന്നതിൽ ഈ പരീക്ഷണം വലിയൊരു നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

