Thursday, June 4, 2026
Home » താലിബാനുമായി സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ച് റഷ്യ
താലിബാനുമായി സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ച് റഷ്യ

താലിബാനുമായി സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ച് റഷ്യ

by Editor

മോസ്കോ: റഷ്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ ഔദ്യോഗികമായി പുതിയ സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു. മോസ്‌കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിനിടെയാണ് ഈ ചരിത്രപരമായ പ്രതിരോധ കരാർ രൂപപ്പെട്ടത്. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത ശേഷം മറ്റൊരു വിദേശ രാജ്യവുമായി ഒപ്പിടുന്ന ആദ്യ പ്രതിരോധ കരാറാണിത്.

താലിബാൻ സ്ഥാപകന്റെ മകനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് പങ്കെടുത്ത ചടങ്ങോടെ, താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ഏക രാജ്യമായ റഷ്യ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍റെ അടുത്ത സഹായിയും മുൻ പ്രതിരോധ മന്ത്രിയുമായ സെർജി ഷൊയ്ഗു, അഫ്ഗാനിസ്ഥാന് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. പാശ്ചാത്യ രാജ്യങ്ങൾ അഫ്ഗാനിസ്ഥാന്റെ മരവിപ്പിച്ച ആസ്തികൾ ഉടനടി വിട്ടുനൽകണമെന്നും 20 വർഷത്തെ അഫ്ഗാൻ അധിനിവേശത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യത്തിന്‍റെ പുനർനിർമ്മാണത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

റഷ്യ ലോകത്തിലെയും മേഖലയിലെയും ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വിസ്തൃതമാവുകയാണെന്നും സമ്മേളനത്തിൽ സംസാരിച്ച താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് വ്യക്തമാക്കി.

1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ അധിനിവേശം നടത്തിയപ്പോൾ സോവിയറ്റ് സൈന്യത്തിനെതിരെ പതിറ്റാണ്ടുകളോളം സായുധ പോരാട്ടം നടത്തിയ അഫ്ഗാൻ മുജാഹിദീനുകളുടെ ഭാഗമായിരുന്നു താലിബാൻ. ആ ചരിത്ര പശ്ചാത്തലമുള്ള മണ്ണിലെ പുതിയ ഭരണാധികാരികളുമായി ഇന്ന് റഷ്യ കൈകോർക്കുന്നത് ആഗോള രാഷ്ട്രീയത്തിലെ വലിയൊരു വിരോധാഭാസമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിൽ, പുതിയ രാജ്യാന്തര സഖ്യങ്ങൾ കെട്ടിപ്പടുക്കാനുള്ള വ്ലാഡിമിർ പുട്ടിന്റെ തന്ത്രപരമായ നീക്കമാണിതെന്നാണ് സൂചന.

Send your news and Advertisements

You may also like

error: Content is protected !!