Monday, July 13, 2026
Home » ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു.
രമേശ് ചെന്നിത്തല

ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു.

by Editor

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തടയുന്നതിനായി ‘ഓപ്പറേഷന്‍ സീറോ’ (Operation Zero) എന്ന പേരില്‍ പുതിയ കര്‍മപദ്ധതിയുമായി കേരള സര്‍ക്കാര്‍. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഇടയിലെ അഴിമതി പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുമ്പ് നടന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന അഴിമതി വിരുദ്ധ പരിശോധനയ്ക്ക് തൊട്ടുപിന്നാലെയാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ പാവപ്പെട്ടവർക്ക് സേവനം ലഭിക്കുന്നത് ഉറപ്പുവരുത്തും. പ്രോജക്‌ട് സീറോ പദ്ധതി ഒരു വിപ്ലവമായിരിക്കും. എവിടെ അഴിമതി കണ്ടാലും വിവരമറിയിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല. അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷിക്കും. അഴിമതി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെ സഹകരണം വേണം. അതിന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അഴിമതി തടയും. അഴിമതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിനായുള്ള സംവിധാനമൊരുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. കൃത്രിമബുദ്ധി (AI) പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഓഫീസുകളെ പൂര്‍ണ്ണമായും വിജിലന്‍സിൻ്റെ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ഈ പദ്ധതിയുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ നടക്കും.

കേരളത്തിന്റെ സാമൂഹിക-ആരോഗ്യ സുസ്ഥിതിക്ക് കടുത്ത വെല്ലുവിളിയുയർത്തുന്ന സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, “തൂഫാൻ – ദി നാർക്കോ ഹണ്ട്” എന്ന കർമ്മപദ്ധതിക്ക് തുടക്കം കുറിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പോലീസ് മേധാവികളുടെ മീറ്റിംഗിന് ശേഷമാണ് ഈ പ്രഖ്യാപനം. ജൂൺ 1-ന് പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ദിവസം തന്നെ, ‘TOOFAN – The Narco Hunt’ ആരംഭിക്കും.

സമൂഹത്തോടുള്ള വലിയ മാനുഷിക ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റുകയാണ് കേരളാ പോലീസ്. സാംസ്കാരിക-രാഷ്ട്രീയ പദവികളോ സോഷ്യൽ സ്റ്റാറ്റസോ ലഹരിവിരുദ്ധ നിയമങ്ങളിൽ നിന്ന് ഒരു തരത്തിലുമുള്ള സംരക്ഷണമോ പ്രിവിലേജോ ആർക്കും നൽകുന്നതല്ല. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകും. ഡാർക്ക് വെബ് കേന്ദ്രീകരിച്ച് നമ്മുടെ കുട്ടികളെ വലയിലാക്കുന്ന സമാന്തര ലഹരി വിപണന ശൃംഖലകളെ കൃത്യമായി നിരീക്ഷിക്കാനും പൂർണ്ണമായി തകർക്കാനും പൊലീസിന്റെ സൈബർ വിംഗ് വിപുലമായ സജ്ജീകരണങ്ങളോടെ രംഗത്തുണ്ടാകും എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ലഹരി മാഫിയ എന്നത് എന്നുള്ളത് സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ല; അതിന്റെ വേരുകൾ അതിർത്തികൾക്കപ്പുറത്തേക്ക് പടർന്നു കിടക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, അയൽസംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ഞങ്ങൾ അടിയന്തരമായി ബന്ധപ്പെടുകയും സംയുക്ത പ്രതിരോധം ഉണ്ടാവുകയും ചെയ്യും. ലഹരിയുടെ ഉറവിടങ്ങളെ തകർക്കാൻ പോകുന്ന ‘തൂഫാന്’ മുന്നിൽ തടസ്സമായി നിൽക്കാൻ ഒരു അതിർത്തികൾക്കും സാധിക്കുകയില്ല.

പൊതുസമൂഹവും വിദ്യാലയങ്ങളും കുടുംബങ്ങളും പോലീസിനൊപ്പം കൈകോർക്കുന്ന ഒരു ജനകീയ പ്രതിരോധത്തിലൂടെ നമ്മുടെ വീടുകളിൽ സമാധാനവും, തെരുവുകളിൽ ഭയരഹിതമായ അന്തരീക്ഷവും ഉറപ്പാക്കും. കേരളത്തെ പൂർണ്ണ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ഈ ആഭ്യന്തര നയത്തിന്റെ ആത്യന്തിക ലക്ഷ്യം. ലഹരി മാഫിയക്കെതിരെ ‘തൂഫാൻ’ ദി നാർകോ ഹണ്ട് അതിരുകളില്ലാത്ത ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കും എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

Send your news and Advertisements

You may also like

error: Content is protected !!