Tuesday, May 26, 2026
Home » വീണാ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
ഹൈക്കോടതി

വീണാ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

by Editor

കൊച്ചി: മുൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ (CMRL) മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണം റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. ഇഡി അന്വേഷണത്തിന് ഉണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങി. സിഎംആർഎൽ ഉദ്യോഗസ്ഥർ ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (CMRL) അതിന്റെ ജീവനക്കാരുമാണ് ഇഡി അന്വേഷണത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

രാഷ്ട്രീയ പ്രേരിതമായ പരാതിയാണ് തങ്ങള്‍ക്കെതിരെ ഉയര്‍ന്നതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തങ്ങളുടെ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നുവെന്നും സിഎംആര്‍എല്‍ ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. എസ്എഫ്‌ഐഒ ഉള്‍പ്പെടെ വിശദമായി അന്വേഷണം നടത്തിയിട്ട് ഒന്നും കണ്ടെത്താനായില്ല എന്നും ഇവര്‍ കോടതിയില്‍ വാദിച്ചു, എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്നതാണ് പ്രധാന ആരോപണം. മുമ്പ് ഇ ഡി മുന്‍ മുഖ്യമന്ത്രിയുടെ മകളും സംരംഭകയുമായ വീണാ വിജയനെ കേസില്‍ ചോദ്യം ചെയ്‌തേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിലാണ് ഇത് ഒഴിവായത്. എക്‌സാലോജിക് അല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്ക് സിഎംആര്‍എല്‍ പണം നല്‍കിയതിലേക്കും അന്വേഷണം നീളും.

Send your news and Advertisements

You may also like

error: Content is protected !!