Monday, July 13, 2026
Home » ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്; ഇറാനെതിരായ ആക്രമണം കൂടുതൽ രൂക്ഷമാക്കി.
ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്; ഇറാനെതിരായ ആക്രമണം കൂടുതൽ രൂക്ഷമാക്കി യു എസ്‌

ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്; ഇറാനെതിരായ ആക്രമണം കൂടുതൽ രൂക്ഷമാക്കി.

by Editor

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സായുധ സംഘർഷം രൂക്ഷമാകുന്നു. ഹോർമൂസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി, അന്താരാഷ്ട്ര ജലപാത ഗതാഗതത്തിനായി തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (US CENTCOM) വ്യക്തമാക്കി. മേഖലയിൽ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ സൈന്യം പൂർണ്ണ സജ്ജമാണെന്നും യു.എസ് അറിയിച്ചു.

ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി തകർക്കാൻ അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) ഇറാന് മേൽ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, ക്യൂഷം ദ്വീപ് എന്നിവിടങ്ങളിലെ സൈനിക താവളങ്ങളിലും റഡാർ കേന്ദ്രങ്ങളിലും വ്യോമാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. പേർഷ്യൻ ഗൾഫിലെ ഇറാന്റെ ഏറ്റവും വലിയ ദ്വീപായ ക്യൂഷം (Qeshm Island) ലക്ഷ്യമിട്ട് പത്തിലേറെ ശത്രു മിസൈലുകൾ പതിച്ചതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുറമുഖ നഗരമായ ബന്ദർ അബ്ബാസ് (Bandar Abbas), ഹാജിയാബാദ് എന്നീ തന്ത്രപ്രധാന സൈനിക മേഖലകളിലും ഇന്ന് പുലർച്ചെ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ റഡാറുകൾ, റെവല്യൂഷണറി ഗാർഡിന്റെ (IRGC) ചെറുനൗകകൾ എന്നിവ ലക്ഷ്യമിട്ടാണ് അമേരിക്കൻ യുദ്ധവിമാനങ്ങളും ഡ്രോണുകളും ആക്രമണം നടത്തിയത്.

തെക്കൻ ഇറാനിലെ തീരദേശ പ്രവിശ്യയായ ഹോർമോസ്ഗാനിലാണ് (Hormozgan) യു.എസ് കനത്ത ബോംബാക്രമണം നടത്തി. ഫാരൂർ ദ്വീപിലുണ്ടായ മിസൈലാക്രമണത്തിൽ ഒരു ടെലികമ്മ്യൂണിക്കേഷൻ ജീവനക്കാരൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഫാരൂർ ദ്വീപിലെ കമ്മ്യൂണിക്കേഷൻ ടവറുകൾക്കും ചബഹാർ പോലുള്ള നഗരങ്ങളിൽ വൈദ്യുതി വിതരണ കേന്ദ്രങ്ങൾക്കും നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സിരിക് (Sirik), ജാസ്ക് (Jask), ഖുസെസ്താൻ (Khuzestan) പ്രവിശ്യയിലെ ചില സൈനിക കേന്ദ്രങ്ങൾ എന്നിവടങ്ങളിലും വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ഉപയോഗിക്കുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) അറുപതിലധികം ചെറുനൗകകൾ/ബോട്ടുകൾ യു.എസ് ആക്രമണത്തിൽ തകർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ യു.എസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ തങ്ങളുടെ അയൽരാജ്യങ്ങളായ ജോർദാൻ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ 6 ഗൾഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ വർഷം നടത്തിയിരുന്നു. ഒമാൻ, ഖത്തർ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങൾക്ക് നേരെ പോലും ഇറാൻ ആക്രമണം നടത്തിയത് മേഖലയെ പൂർണ്ണമായ ഒരു യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അമേരിക്കയുടെയും ഗൾഫ് രാജ്യങ്ങളുടെയും ‘പാട്രിയറ്റ്’ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. സുരക്ഷ മുൻനിർത്തി ഗൾഫ് രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പല അന്താരാഷ്ട്ര വിമാന സർവീസുകളും റൂട്ടുകൾ മാറ്റി വിടുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും നിശ്ചലമായിട്ടില്ലെങ്കിലും കപ്പൽ ഗതാഗതം വളരെ കുറവാണ്. മുൻപ് ദിവസേന 60 മുതൽ 135 കപ്പലുകൾ വരെ പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിദിനം 8 മുതൽ 15 കപ്പലുകൾ മാത്രമാണ് കടന്നുപോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ നിയമങ്ങൾ പാലിക്കാതെയും അനുമതിയില്ലാതെയും കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സൈപ്രസ് ചരക്കുകപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നുപോകാനാവില്ലെന്ന് വ്യക്തമാക്കി ഇറാൻ ഹോർമൂസ് കടലിടുക്ക് താൽക്കാലികമായി അടച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഇറാന് തന്ത്രപ്രധാനമായ ഈ പാത ഡസൻ കണക്കിന് ആണവ ബോംബുകളേക്കാൾ പ്രധാനമാണെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മേജർ ജനറൽ മൊഹ്‌സിൻ റെസായ് പ്രതികരിച്ചു. ഹോർമൂസ് കടലിടുക്ക് തങ്ങൾ പൂർണ്ണമായും അടച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ അന്താരാഷ്ട്ര ജലപാതയായ ഇതിന്മേൽ ഇറാന് അധികാരമില്ലെന്നും പാത ഇപ്പോഴും തുറന്നുതന്നെയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സെൻട്രൽ കമാൻഡും ആവർത്തിക്കുന്നു. ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ‘അതിരൂക്ഷമായി’ തുടരുകയാണെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയായ UKMTO അറിയിച്ചു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ നീക്കത്തിന്റെ പ്രധാന പാതയായ ഇവിടെ സംഘർഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 3 ശതമാനത്തിലധികം ഉയർന്നു. കപ്പലുകളുടെ ഇൻഷുറൻസ് തുക കുത്തനെ കൂടിയതിനാൽ കമ്പനികൾ ഈ മേഖലയിലൂടെ യാത്ര ചെയ്യാൻ ഭയപ്പെടുകയാണ്.

ഗൾഫിൽ പരക്കെ ആക്രമണം; ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

Send your news and Advertisements

You may also like

error: Content is protected !!