അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് പകരമായി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ പരക്കെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടതിനെത്തുടർന്ന് പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീതി നിഴലിൽ. അമേരിക്കൻ വ്യോമാക്രമണത്തിന് തിരിച്ചടിയായി യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് (IRGC) വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.
യുഎഇ ലക്ഷ്യമിട്ട് വന്ന ഇറാന്റെ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെ പ്രതിരോധിക്കുന്നതായി യുഎഇ, ഖത്തർ പ്രതിരോധമന്ത്രാലയങ്ങൾ അറിയിച്ചു.
ഖത്തറിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്‌ദങ്ങൾ കേട്ടു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയ്ക്ക് മുകളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടാവുകയും മിസൈൽ പ്രതിരോധ അലർട്ടുകൾ മുഴങ്ങുകയും ചെയ്തു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തറിലുണ്ടായ മിസൈൽ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പ്രതിരോധിക്കുന്നതിനിടയിൽ, അവശിഷ്ടങ്ങൾ തകർന്നു വീണ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎസ് നേവിയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ആസ്ഥാനമായ ബഹ്റൈനിലും ആക്രമണ ഭീഷണിയെത്തുടർന്ന് വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് നിരവധി മിസൈലുകൾ വെടിവെച്ചിട്ടു. കുവൈറ്റിന് നേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂസ് മിസൈലും പത്തോളം ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി കുവൈറ്റ് സൈന്യം അറിയിച്ചു.
ഒമാന്‍റെ വടക്കൻ പ്രവിശ്യയായ മുസന്ദമിലെ ചില കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ഒമാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ഒമാൻ ഭരണകൂടം, രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരുന്നതായി വ്യക്തമാക്കി.
ജോർദാനിലും ഇറാൻ ആക്രമണം ഉണ്ടായി. ജോർദാൻ മിലിട്ടറി ഉറവിടങ്ങളെ ഉദ്ധരിച്ച് ജോർദാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാന്റെ ഭാഗത്തുനിന്ന് വന്ന മൂന്ന് മിസൈലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. ജോർദാനിലെ യു.എസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, അൽ-അസ്രഖ് (Al-Azraq) വ്യോമസേനാ താവളം എന്നിവ ലക്ഷ്യമിട്ടാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് (IRGC) ആക്രമണം നടത്തിയത്. യു.എസ് സൈന്യത്തെ ജോർദാൻ താവളമൊരുക്കി സഹായിക്കുന്നു എന്നതിനാലാണ് ഇറാൻ ജോർദാനെ ലക്ഷ്യമിടുന്നത്. ആക്രമണ ഭീഷണിയെത്തുടർന്ന് ജോർദാനിൽ പലയിടത്തും അപായ സൈറണുകൾ മുഴങ്ങുകയും വ്യോമാതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ സൈപ്രസ് പതാകയുള്ള കപ്പലിനെ ഇറാൻ ആക്രമിച്ചതിനെത്തുടർന്ന്, യുഎസ് സൈന്യം ഇറാന്റെ 140 ഓളം സൈനിക കേന്ദ്രങ്ങളിൽ കനത്ത ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇറാൻ ഗൾഫ് മേഖലയിലുടനീളം വ്യോമാക്രമണം വ്യാപിപ്പിച്ചത്. മേഖലയിലെ യു.എസ് ഇടപെടലുകൾ അവസാനിക്കുന്നത് വരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിടുന്നതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) പ്രഖ്യാപിച്ചു.

