Saturday, July 11, 2026
Home » അനിയത്തി അറിയാൻ
കഥ - അനിയത്തി അറിയാൻ

അനിയത്തി അറിയാൻ

കഥ

by Editor

പ്രിയപ്പെട്ട അനിയത്തി,
ഒരിക്കലെങ്കിലും നീ മനസ്സിൽ ചോദിച്ചിട്ടുണ്ടാവും…
‘എന്റെ ചേച്ചി എന്തുകൊണ്ടാണ് ഇങ്ങനെ മാറിപ്പോയത്?’
അതിന്റെ ഉത്തരമാണ് ഈ കത്ത്.

വിവാഹം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ ഞാനും ഒരുപാട് സംസാരിക്കുമായിരുന്നു, ചിരിക്കും… സ്വപ്നങ്ങൾ പങ്കുവെക്കും, തെറ്റ് എന്ന് തോന്നിയാൽ എതിർക്കും തർക്കുത്തരം പറയും. പിന്നെ അതെല്ലാം കുറഞ്ഞു.
ഒറ്റ ദിവസം കൊണ്ടല്ല പയ്യെപയ്യെ!
നിരന്തരം നിന്റെ ചേട്ടനിൽ നിന്നുമുള്ള വാക്കുകൾ: ‘നിന്നെക്കൊണ്ട് ഒന്നും കൊള്ളില്ല നിനക്ക് ബുദ്ധിയില്ല, വിവരവുമില്ല, സംസാരിക്കാൻ പോലും അറിയില്ല. നീ സമ്പാദിക്കുന്നില്ലല്ലോ… അതുകൊണ്ട് അഭിപ്രായവും വേണ്ട വെറുതെ ഇരുന്നാൽ പോരെ’

ആദ്യമൊക്കെ ഞാൻ എതിർത്തു, വിശദീകരിച്ചു കരഞ്ഞു.
ഇപ്പോൾ, മിണ്ടാതിരിക്കാൻ പഠിച്ചു. മിണ്ടാത്തത് വിനയം കൊണ്ടല്ല എതിർത്താൽ കേൾക്കേണ്ടി വരുന്ന വാക്കുകൾ മനഃപാഠമായതുകൊണ്ടാണ്.
ഞാൻ പറയുന്ന ഓരോ വാക്കും തെറ്റാണെന്ന് കേട്ടുകേട്ട് ഒടുവിൽ എന്റെ ശബ്ദത്തെ എനിക്കുതന്നെ വിശ്വാസമില്ലാതായി. എന്ത് പറഞ്ഞാലും തെറ്റായിരിക്കുമെന്ന ഭയം മനസ്സിൽ ഉറച്ചുപോയി.
ഇപ്പോൾ ആരെങ്കിലും എന്നെ പ്രശംസിച്ചാൽ എനിക്ക് അസ്വസ്ഥതയാണ്.
അവർക്ക് ആളുമാറിയതാണെന്ന് തോന്നും. ആരോടെങ്കിലും സംസാരിക്കുമ്പോൾ കണ്ണിലേക്ക് നോക്കില്ല. പൊട്ടിച്ചിരിക്കുമ്പോഴും ക്ഷമ ചോദിക്കുന്നതുപോലെ പിൻവലിഞ്ഞുപോകും. സ്വന്തം അഭിപ്രായം പറയേണ്ടിവന്നാൽ പകുതിയിൽ നിർത്തും. കാരണം, എന്നെക്കുറിച്ച് നല്ലത് കേട്ടിട്ട് ഒരുപാട് വർഷങ്ങളായി.

സ്കൂളിൽ composition-ന് മകൾ ഒരു കുറിപ്പ് എഴുതി.
“My mom is my pillar” ഞാനത് പലതവണ വായിച്ചു. രാത്രി അത് മടിയിൽവെച്ച് സന്തോഷം കൊണ്ട് കുറേ കരഞ്ഞു, ആ കടലാസിലായിരുന്നു വർഷങ്ങൾക്ക് ശേഷം ആരെങ്കിലും എനിക്ക് വില തന്നത്!

മക്കൾ വളർന്നു. അവർക്ക് പലതും മനസ്സിലാകുന്നുണ്ട്.
അവർ അച്ഛനെ സ്നേഹിക്കുന്നുണ്ട്. എനിക്ക് വിഷമമില്ല. കാരണം, അവർ കണ്ട അച്ഛനും എന്റെ ഒപ്പം ജീവിച്ച ഭർത്താവും പലപ്പോഴും ഒരേ മനുഷ്യനായിരുന്നില്ല. അവരോട് അദ്ദേഹം സ്നേഹത്തോടെ സംസാരിച്ചു. എന്നോട് വാക്കുകൾക്ക് മൂർച്ച കൂടുതലായിരുന്നു. പിള്ളേർ അച്ഛനെ ന്യായീകരിക്കുമ്പോൾ ഞാനും കൂടും.
“ശെരിയാ അച്ഛന് ഉള്ളിൽ സ്നേഹണ്ട് പാവാണ് ….”

നിനക്കറിയാമോ എന്തുകൊണ്ടാണെന്ന്?
എന്റെ മക്കൾ അവരുടെ അച്ഛനെ വെറുത്ത് ജീവിക്കേണ്ടി വരരുത്.
മറ്റൊരു കാരണം കൂടിയുണ്ട്, വർഷങ്ങളോളം എന്നെക്കുറിച്ച് കേട്ടു തഴമ്പിച്ച പഴികൾ ശരിയാണെന്നു എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു. അവിടെയാണ് എന്റെ വലിയ തോൽവി. അതാണ് വാക്കുകൾ കൊണ്ടുള്ള മുറിവിന്റെ നിശ്ശബ്ദമായ വിജയവും.

ആളുകൾ പറയും: ‘നല്ല വീട്, കാർ, സ്വത്ത്‌, പണം എന്നിട്ടും അവൾ ഒട്ടും happy അല്ല self confident അല്ല positive അല്ല.’

അവളുടെ ആത്മവിശ്വാസം എവിടെ, എങ്ങനെ, ആരുടെ വാക്കുകൾക്കിടയിലാണ് മരിച്ചുപോയതെന്ന് ആരും ചോദിക്കില്ല. ഒരു സ്ത്രീയും ആത്മവിശ്വാസമില്ലാത്തവരായി ജനിക്കുന്നില്ല. അവളെ തകർക്കാൻ കൈ ഉയർത്തേണ്ടതില്ല ആത്മാഭിമാനം ചവിട്ടിമെതിക്കുന്ന വാക്കുകൾ മതി.

അനിയത്തി… ഉയർന്ന ജോലിയുള്ള, വിവാഹിതയാകാൻ പോകുന്ന നീ ഒരു കാര്യം മാത്രം അറിയുക.
നമ്മളെ സ്നേഹിക്കുന്നവർ, ഒരിക്കലും നമ്മുടെ ആത്മാഭിമാനം അല്പാല്പമായി എടുത്തുകളയില്ല. ഓർത്തോണം. നിന്റെ ചിരി മങ്ങിത്തുടങ്ങിയാൽ, നീ സ്വന്തം അഭിപ്രായം പറയാൻ പേടിച്ചുതുടങ്ങിയാൽ, കണ്ണാടിയിൽ നോക്കുമ്പോൾ പോലും സ്വയം ചെറുതായി തോന്നിത്തുടങ്ങിയാൽ, അത് പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതല്ല, നിന്നെ നിനക്ക് നഷ്ടപ്പെടുന്നതാണ്!

മക്കൾ വളരുമ്പോൾ എല്ലാം മനസ്സിലാക്കും അമ്മയുടെ കണ്ണുനീർ എന്തിനാണെന്നും, അച്ഛന്റെ വാക്കുകൾ എത്ര ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും… എന്ന് ഞാൻ കരുതി. പക്ഷെ കഴിഞ്ഞ ദിവസം വെറും 12 വയസ്സുള്ള മകൻ എന്നോട് വല്ലാത്ത അഹങ്കാരത്തോടെ, പുച്ഛത്തോടെ സംസാരിച്ചു. എനിക്കത് സഹിക്കാനായില്ല. ഞാനൊരു ചെറിയ അടി കൊടുത്തപ്പോൾ അവൻ ചോദിക്കുന്നു “അച്ഛൻ ദിവസവും അമ്മേ കൊച്ചാക്കുന്നതിനു കൊഴപ്പമില്ലല്ലേ!

ഒരുനാൾ മക്കൾക്കും ഞാൻ തെറ്റുകാരിയാണെന്ന് തോന്നിയാൽ… ഈ ലോകത്ത് എനിക്ക് ബാക്കിയാരാണ്!

നിറുത്തട്ടെ
സ്നേഹത്തോടെ,
ചേച്ചി

രാരിമ ശങ്കരൻകുട്ടി

Send your news and Advertisements

You may also like

error: Content is protected !!