ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിച്ചു. ഇന്ന് (ജൂലൈ 10) പുലർച്ചെ അമേരിക്കയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) ഫ്രാൻസ് വിജയം നേടിയത്.
ഫ്രാൻസിനായി 60-ാം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയും 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെയും ഗോളുകൾ സ്വന്തമാക്കി. ഈ ഗോളോടെ ഈ ലോകകപ്പിൽ 8 ഗോളുകൾ തികച്ച എംബാപ്പെ, ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പമെത്തി. ലയണൽ മെസ്സിക്കു ശേഷം ലോകകപ്പിൽ 20 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.
മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 25–ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനൽറ്റി, കിക്ക് എടുത്ത കിലിയൻ എംബപെ മിസ്സാക്കുകയായിരുന്നു. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സെമിഫൈനലിൽ പ്രവേശിച്ച ഫ്രാൻസ്, ഇനി നടക്കാനിരിക്കുന്ന സ്പെയിൻ – ബെൽജിയം മത്സരത്തിലെ വിജയികളെ നേരിടും. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0 നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്.

