Friday, July 10, 2026
Home » ആക്രമണത്തിന് താത്കാലിക വിരാമം; കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണത്തിൽ ഇറാനിൽ 14 പേർ കൊല്ലപ്പെട്ടു.

ആക്രമണത്തിന് താത്കാലിക വിരാമം; കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണത്തിൽ ഇറാനിൽ 14 പേർ കൊല്ലപ്പെട്ടു.

ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം പൂർത്തിയായി.

by Editor

ടെഹ്‌റാൻ: ഇറാനിൽ അമേരിക്ക കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ അതിശക്തമായ ആക്രമണ-പ്രത്യാക്രമണങ്ങൾ നടന്നിരുന്നു. എന്നാൽ ഇന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് നേരിയ അയവ് വന്നിട്ടുണ്ട്.

ഇറാന്റെ 5 പ്രവിശ്യകളിലായി നൂറോളം തന്ത്രപ്രധാന കേന്ദ്രങ്ങൾ യുഎസ് സൈന്യം തകർത്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വ്യോമസേനയിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥരാണ്. ഇറാന്റെ ഏക ആണവനിലയമുള്ള ബുഷെഹർ, തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, ചബഹാർ എന്നിവിടങ്ങളിലെ സൈനിക താവളങ്ങളും മിസൈൽ സംഭരണശാലകളും ആക്രമിക്കപ്പെട്ടു. കൂടാതെ, മഷാദിലേക്കുള്ള റെയിൽവേ പാലങ്ങളും തകർക്കപ്പെട്ടു. യുഎസ് ആക്രമണത്തിന് മറുപടിയായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.

വ്യാഴാഴ്ച രാത്രി വൈകി ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ ബുഷെഹർ, കൊനാരക് എന്നീ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് യു എസും ഇസ്രായേലും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പ്രകോപനങ്ങളിലേക്ക് പോകാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാൻ യു എസ് സൈന്യം ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തിയായതായും നിലവിൽ പുതിയ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം പൂർണ്ണമായി ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി ഖത്തർ, ഒമാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തന്ത്രപരമായ സാങ്കേതികതല ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം മഷാദിൽ സംസ്‌കരിച്ചതിന് പിന്നാലെ ഇറാനും പുതിയ പ്രകോപനങ്ങൾക്ക് മുതിർന്നിട്ടില്ല. ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്, (ജൂലൈ 10 വെള്ളിയാഴ്ച) പുലർച്ചെയാണ് പൂർണ്ണമായി അവസാനിച്ചത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA വ്യക്തമാക്കിയതനുസരിച്ച്, വെള്ളിയാഴ്ച പുലർച്ചെയോടെ ഖമേനിയുടെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെയും ഖബറടക്കം പൂർത്തിയായി.

ഖമേനിയുടെ ജന്മനാടായ മഷാദിലെ (Mashhad) ഷിയാ മുസ്ലീങ്ങളുടെ ഏറ്റവും പവിത്രമായ ആരാധനാലയങ്ങളിൽ ഒന്നായ ഇമാം റെസ മസ്ജിദിലെ (Imam Reza Shrine) ‘ദാർ അൽ-ദിക്ർ’ വിഭാഗത്തിലാണ് ഭൗതികശരീരം അടക്കം ചെയ്തത്. ചടങ്ങുകൾക്ക് ഖമേനിയുടെ മൂത്തമകൻ മുസ്തഫ നേതൃത്വം നൽകിയപ്പോൾ, പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനി പരിക്കുകൾ കാരണം പൊതുവേദിയിൽ എത്തിയില്ല.

“ഇറാൻ നമ്മളെ ഒരു തവണ അടിച്ചാൽ, നമ്മൾ അവരെ 20 തവണ തിരിച്ചടിക്കും” ട്രംപ്; ഇറാനിൽ വ്യാപക ആക്രമണം

Send your news and Advertisements

You may also like

error: Content is protected !!