അമേരിക്കയ്ക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും 20 മടങ്ങ് ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഇറാൻ നമ്മളെ ഒരു തവണ അടിച്ചാൽ, നമ്മൾ അവരെ 20 തവണ തിരിച്ചടിക്കും” എന്ന് ട്രംപ് വ്യക്തമാക്കി. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
അമേരിക്കൻ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ തെക്കൻ തീരനഗരങ്ങളിൽ വ്യാപകമായ സ്ഫോടനങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് മുതൽ ഗൾഫ് ഓഫ് ഒമാൻ വരെയുള്ള ഇറാന്റെ തീരദേശ ഇടനാഴിയിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഇറാന്റെ ഏറ്റവും വലിയ തുറമുഖ നഗരവും അവിടുത്തെ പ്രധാന നേവി-റെവല്യൂഷണറി ഗാർഡ് ആസ്ഥാനവുമായ ബന്ദർ അബ്ബാസിൽ എട്ടിലധികം അതിശക്തമായ സ്ഫോടനങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ. ഷഹീദ് ഹഖാനി (Shahid Haqqani) പോർട്ടിന് നേരെ ഉണ്ടായ ആക്രമണത്തിൽ വലിയ രീതിയിൽ തീപിടുത്തമുണ്ടായിട്ടുണ്ട്. നിരവധി സൈനിക-മത്സ്യബന്ധന ബോട്ടുകൾ ഇവിടെ കത്തിനശിച്ചു.
പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ ചബഹാറിൽ രണ്ട് മറൈൻ പിയറുകൾക്കും (Marine piers) ഒരു മാരിടൈം ട്രാഫിക് കൺട്രോൾ ടവറിനും നേരെ യുഎസ് വ്യോമാക്രമണം ഉണ്ടായി. ആക്രമണത്തെത്തുടർന്ന് നഗരത്തിലെ വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായി. ഹൊർമൂസ് കടലിടുക്കിന് പുറത്ത്, ഒമാൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഒരേയൊരു ആഴക്കടൽ തുറമുഖമാണ് ചബഹാർ. ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഇറാന്റെ പ്രധാന കവാടമായ ഈ മേഖലയെ അമേരിക്ക ലക്ഷ്യമിട്ടത് ഇറാന്റെ വാണിജ്യ-സൈനിക നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഈ മേഖലയിലെ സൈനിക കേന്ദ്രങ്ങൾ വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഇറാനെ സഹായിക്കുന്നു എന്ന വിലയിരുത്തലിലാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇവിടെ ബോംബാക്രമണം നടത്തിയത്.
തീരനഗരമായ സിരിക്കിലെ കൊമേഴ്സ്യൽ പിയറിലും മത്സ്യബന്ധന കേന്ദ്രങ്ങളിലും ശത്രുക്കളുടെ പ്രൊജക്റ്റൈലുകൾ പതിച്ചതായി ഇറാൻ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. സ്ഫോടനത്തെത്തുടർന്ന് തെറിച്ച ചില്ലുകളുടേയും ലോഹങ്ങളുടേയും അവശിഷ്ടങ്ങൾ തട്ടി ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുകൂടാതെ ഖേഷ്മ് ദ്വീപ് (Qeshm Island) കൊനാരക് (Konarak) എന്നിവിടങ്ങളിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടായി.
ഇറാന്റെ വടക്കൻ-വടക്കുകിഴക്കൻ മേഖലകളിലുള്ള രണ്ട് തന്ത്രപ്രധാന റെയിൽവേ പാലങ്ങൾക്ക് നേരെ അമേരിക്ക ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. വടക്കൻ ഇറാനിലെ ഗോലെസ്താൻ (Golestan) പ്രവിശ്യയിലുള്ള അഖ് തെകെ ഖാൻ (Aq Tekeh Khan) റെയിൽവേ പാലം മിസൈലാക്രമണത്തിൽ തകർന്നതായി ഇറാൻ വിപ്ലവ ഗാർഡ് (IRGC) ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൈനിക ആവശ്യങ്ങൾക്കും മിസൈൽ/ഡ്രോൺ ഗതാഗതത്തിനുമായി ഇറാൻ ഉപയോഗിക്കുന്ന പ്രധാന റെയിൽ പാതകൾ ഇല്ലാതാക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം. ഏപ്രിലിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തലിന് ശേഷം ഇറാന്റെ പൊതു ഇൻഫ്രാസ്ട്രക്ചറിന് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.
യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കുന്നത് അനുസരിച്ച് ഇറാന്റെ റഡാർ സംവിധാനങ്ങൾ, കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ആന്റി-ഷിപ്പ് ക്രൂയിസ് മിസൈൽ കേന്ദ്രങ്ങൾ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ (IRGC) അറുപതിലധികം ചെറു യുദ്ധബോട്ടുകൾ, കമാൻഡ് നെറ്റ്‌വർക്കുകൾ തുടങ്ങിയവ ആക്രമണത്തിൽ തകർന്നിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതിയിലാണ്. കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്നും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് കുവൈറ്റിലും ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

