Friday, July 10, 2026
Home » ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് വ്യോമാക്രമണം; ആയത്തുള്ള അലി ഖമനെയിയുടെ ഖബറടക്കം ഇന്ന്.
ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് വ്യോമാക്രമണം; ആയത്തുള്ള അലി ഖമനെയിയുടെ ഖബറടക്കം ഇന്ന്.

ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് വ്യോമാക്രമണം; ആയത്തുള്ള അലി ഖമനെയിയുടെ ഖബറടക്കം ഇന്ന്.

by Editor

ഇറാനെതിരായ യുഎസ് വ്യോമാക്രമണം തുടരുന്നു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ആദ്യഘട്ട ആക്രമണത്തിന് പിന്നാലെയാണ്, ബുധനാഴ്ച രാത്രിയും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് രണ്ടാം ഘട്ട വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനുള്ള ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാമത്തെ രാത്രിയും ആക്രമണം തുടർന്നതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.

തെക്കൻ ഇറാന്റെ തീരദേശ നഗരമായ ബന്ദർ അബ്ബാസ്, തുറമുഖ നഗരമായ സിരിക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രി പ്രധാനമായും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. സിരികിലെ വാണിജ്യ വാർഫിൽ സ്ഫോടന അവശിഷ്ടങ്ങൾ പതിച്ച് ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. റഡാറുകൾ, മിസൈൽ തറകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ രാത്രിയും ശക്തമായ ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിനോട് ചേർന്ന് അമേരിക്ക 20 യുദ്ധക്കപ്പലുകൾ കൂടി വിന്യസിച്ചതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ (MoU) പൂർണ്ണമായും തകർന്നതോടെ പശ്ചിമേഷ്യൻ മേഖല ഇപ്പോൾ അതീവ ഗുരുതരമായ യുദ്ധഭീതിയിലാണ്. നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിക്കുകയും, ഇറാൻ കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ യുഎസ് തിരിച്ചടി ഇനിയും കടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക ഇറാനിൽ ശക്തമായ പ്രഹരമാണ് ഏൽപ്പിച്ചതെന്നും, ഇറാൻ ആക്രമണം തുടർന്നാൽ ഇന്ന് രാത്രിയും അതിശക്തമായ വ്യോമാക്രമണം നടത്താൻ യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എയർ ഡിഫൻസ് സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്. കുവൈത്തിനും ബഹ്റൈനുമെതിരെ ഉണ്ടായ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. സൈനിക നീക്കങ്ങൾ ഗൾഫ് മേഖലയുടെ സാമ്പത്തിക-സുരക്ഷാ സ്ഥിരതയെ തകർക്കുമെന്നും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകർക്കുന്നത് ഇറാനാണെന്ന് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ ആഞ്ഞടിച്ചു. വെടിനിർത്തൽ സാധ്യമാക്കിയ ഖത്തറിന്റെയും, ഇറാനുമായി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സൗദിയുടെയും കപ്പലുകൾ ആക്രമിച്ചതിലൂടെ കടുത്ത രോഷമാണ് മേഖലയിൽ. സമാധാന ധാരണയിലൂടെ നേടിയ നേട്ടങ്ങൾ നിലനിർത്തണമെന്ന് ഖത്തർ പറഞ്ഞു. എല്ലാ നഷ്ടങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ഇറാനാണെന്ന് സൗദി മുന്നറിയിപ്പ് നൽകി. യുഎഇയും ഇറാനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഒമാനും ഇന്ന് ഇറാനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

അമേരിക്ക നടത്തിയ കടുത്ത വ്യോമാക്രമണങ്ങൾക്ക് മറുപടിയായി, തങ്ങളുടെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) കഴിഞ്ഞ രാത്രിയിലും ശക്തമായ പ്രത്യാക്രമണം തുടർന്നതായി ഇറാൻ അറിയിച്ചു. കുവൈത്തിലും ബഹ്റൈനിലും വിന്യസിച്ചിട്ടുള്ള യുഎസ് എയർ ഡിഫൻസ് സംവിധാനങ്ങൾ ഇറാന്റെ ഭൂരിഭാഗം മിസൈലുകളെയും പ്രതിരോധിച്ചതായാണ് സൂചന. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്മേൽ തങ്ങളുടെ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റൂട്ടുകൾ അവഗണിച്ചുവെന്ന് ആരോപിച്ച് സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ-വാതക കപ്പലുകളെ ഇറാൻ ലക്ഷ്യമിടുകയും, മിസൈൽ പ്രഹരമേറ്റ ചില കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തതാണ്‌ ഇപ്പോൾ ഈ സംഘർഷം ഇത്ര രൂക്ഷമാകാൻ കാരണം.

അമേരിക്ക ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് പുതിയ സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇതേത്തുടർന്ന് ഇറാഖ് സന്ദർശനത്തിലായിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ യാത്ര വെട്ടിച്ചുരുക്കി അടിയന്തിരമായി തെഹ്‌റാനിലേക്ക് മടങ്ങേണ്ടി വന്നു.

ആയത്തുള്ള അലി ഖമനെയിയുടെ അന്ത്യസംസ്കാര ചടങ്ങുകൾ (ഖബറടക്കം) ഇന്നാണ് (ജൂലൈ 9, വ്യാഴാഴ്ച) നടക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ വടക്ക്-കിഴക്കൻ ഇറാനിലെ മഷ്ഹദ് (Mashhad) നഗരത്തിലുള്ള പവിത്രമായ ഇമാം റെസാ മസ്ജിദിലാണ് (Imam Reza Shrine) ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. ഇറാനിലെ ടെഹ്‌റാൻ, ഖോം (Qom) എന്നീ നഗരങ്ങളിലെ ചടങ്ങുകൾക്ക് ശേഷം, ഇന്നലെ (ബുധനാഴ്ച) ഭൗതികശരീരം അടങ്ങിയ പെട്ടി ഷിയാ മുസ്ലിംകളുടെ വിശുദ്ധ നഗരങ്ങളായ ഇറാഖിലെ നജാഫ്, കർബല എന്നിവിടങ്ങളിലും എത്തിച്ച് വിലാപയാത്ര നടത്തിയിരുന്നു. പിതാവിന്റെ മരണശേഷം ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മകൻ മൊജ്താബ ഖമനെയി (Mojtaba Khamenei), ഇന്ന് മഷ്ഹദിൽ നടക്കുന്ന അന്തിമ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

ഇറാനിലെ 80-ലധികം കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം; ബഹ്റൈനിലും കുവൈറ്റിലും ആക്രമണം നടത്തി ഐആർജിസി

 

Send your news and Advertisements

You may also like

error: Content is protected !!